4 എംഎല്‍എമാര്‍ക്ക് 100 കോടി: തുഷാറിന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് ടിആര്‍എസ്

ഹൈദരാബാദ് ∙ ബിജെപിക്കു വേണ്ടി എംഎല്‍എമാരെ കൂറുമാറ്റാനുള്ള ‘ഓപ്പറേഷന് താമര’യ്ക്കു ചുക്കാന്‍ പിടിച്ചെന്ന തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ ആരോപണം നിഷേധിച്ച് ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി. തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നും തുഷാര്‍ ആവശ്യപ്പെട്ടു. ആരോപണം നിഷേധിച്ച് ബിജെപിയും രംഗത്തെത്തി. എന്നാൽ എംഎല്‍എമാരുമായി തുഷാര്‍ സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഫോണ്‍ സംഭാഷണം ടിആര്‍എസ് പുറത്തുവിട്ടു.
തുഷാര്‍ വെള്ളാപ്പള്ളിയെ അഭിസംബോധന ചെയ്തു തുടങ്ങുന്ന സംഭാഷണത്തില്‍ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി.എൽ.സന്തോഷുമായി എംഎൽഎമാരെ കൂടിക്കാഴ്ചയ്ക്കു ക്ഷണിക്കുന്നുണ്ട്. ബി.എല്‍.സന്തോഷുമായി കൂടിയാലോചിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാമെന്നും ഫോണ്‍ വിളിക്കുന്നയാള്‍ പറയുന്നു. എന്നാല്‍ ഇത് തുഷാറാണോയെന്നത് ഉറപ്പിച്ചിട്ടില്ല.
4 എംഎല്‍എമാര്‍ക്കു കൂറുമാറാന്‍ ഇടനിലക്കാര്‍ 100 കോടി വാഗ്ദാനം നല്‍കിയെന്നാണു ടിആര്‍എസിന്റെ ആരോപണം. അഹമ്മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും കെസിആര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ 3 ഇടനിലക്കാര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോൾ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണു തെലങ്കാന സർക്കാരിന്റെ തീരുമാനം. തെളിവുകൾ തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറി.

