യുഎസ് തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് അബ്ദുൽ എൽ സയീദ്; സെനറ്റിലേക്ക് വിജയിക്കുന്ന ആദ്യ മുസ്ലിം

വാഷിങ്ടൻ: യുഎസ് സെനറ്റിലേക്ക് വിജയിക്കുന്ന ആദ്യ മുസ്ലിം സ്ഥാനാർഥിയെന്ന ചരിത്രം കുറിച്ചിരിക്കുകയാണ് മിഷിഗണിൽനിന്ന് വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി അബ്ദുൽ എൽ സയീദ്. റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സിനെയാണ് പരാജയപ്പെടുത്തിയത്. ഈജിപ്ത്തിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് എൽ സയീദിന്റെ മാതാപിതാക്കൾ.
‘വിജയിക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ട്’–എൽ സയീദ് മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടറും ആരോഗ്യ വിദഗ്ധനുമായ എൽ സയീദ് മുൻപ് തിരഞ്ഞെടുക്കപ്പെട്ട പദവികളൊന്നും വഹിച്ചിട്ടില്ല. എട്ടു വർഷം മുൻപ് മിഷിഗണിലെ ഡെമോക്രാറ്റിക് ഗവർണർ പ്രൈമറിയിൽ നേരിട്ട തിരിച്ചടിയിൽ നിന്നാണ് യുഎസ് സെനറ്റ് സീറ്റിലേക്ക് വിജയിച്ചത്. സെനറ്റിലേക്കുള്ള പ്രൈമറിയിൽ എൽ സയീദിനോട് തോറ്റ ഹേലി സ്റ്റീവൻസ് അവസാന നിമിഷം റോജേഴ്സിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും എൽ സയീദ് വിജയിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർഥിയെ കണ്ടെത്താനായി നടത്തുന്ന ഉൾപാർട്ടി തിരഞ്ഞെടുപ്പാണ് പ്രൈമറി.
സൗജന്യ ആരോഗ്യ പദ്ധതികൾ വാഗ്ദാനം ചെയ്ത എൽ സയീദ്, ഇസ്രയേലിനെ ശക്തമായി വിമർശിച്ചാണ് പ്രചാരണം നടത്തിയത്. രാഷ്ട്രീയത്തിൽ പണത്തിന്റെ സ്വാധീനം ഒഴിവാക്കുമെന്നും വോട്ടർമാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുമെന്നും വാഗ്ദാനം ചെയ്തു. കടുത്ത റിപ്പബ്ലിക്കൻ സ്വാധീനമുള്ള പ്രദേശങ്ങളിൽ പോലും വലിയ മുൻതൂക്കം നേടാൻ എൽ സയീദിന് കഴിഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ നേതാക്കൾ എൽ സയീദ് അമേരിക്കക്കാർക്ക് ഭീഷണിയാണെന്ന പ്രചാരണം നടത്തിയിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് ജയം.

