KSDLIVENEWS

Real news for everyone

പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നു; സുരക്ഷാ വീഴ്ചയില്ല: ഖേദം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി

SHARE THIS ON

ന്യൂഡല്‍ഹി∙ പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞതിനെ തുടര്‍ന്നു മേല്‍പ്പാലത്തില്‍ 20 മിനിറ്റ് കുടുങ്ങിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി. ഫിറോസ്പുരിലെ റാലി റദ്ദാക്കി പ്രധാനമന്ത്രിക്കു മടങ്ങേണ്ടി വന്നതിൽ ഖേദിക്കുന്നുവെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നുവെന്നും വാർത്താസമ്മേളനത്തിൽ ചരൺജിത് സിങ് ഛന്നി പറഞ്ഞു. എന്നാൽ സംഭവത്തിൽ യാതൊരു തരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷയ്ക്കായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. കോവിഡ് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതുകൊണ്ടാണു സ്വീകരിക്കാന്‍ പോകാതിരുന്നത്. പ്രതിഷേധം ഉണ്ടെന്നുള്ള വിവരം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നതായും മുഖ്യമന്ത്രി വിശദീകരിച്ചു.

ഹുസൈനിവാലയിലെ ദേശീയസ്മാരകം സന്ദര്‍ശിക്കാനാണു പ്രധാനമന്ത്രി ഭട്ടിന്‍ഡയിലെത്തിയത്. ഹെലികോപ്റ്ററില്‍ സ്ഥലത്തേക്കു പോകാനായിരുന്നു പരിപാടി. എന്നാല്‍ മഴയെ തുടര്‍ന്ന് 20 മിനിറ്റോളം കാത്തിരുന്നു. കാലാവസ്ഥ മെച്ചപ്പെടാതിരുന്നതോടെ റോഡ് മാര്‍ഗം പോകാന്‍ തീരുമാനിക്കുകയായിരുന്നു. പഞ്ചാബ് ഡിജിപി ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കിയെന്ന് അറിയിച്ചതിനു ശേഷമാണു യാത്ര തിരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

തുടര്‍ന്ന് റോഡ് മാര്‍ഗം പ്രധാനമന്ത്രി യാത്ര തിരിക്കുകയും ദേശീയ രക്തസാക്ഷി സ്മാരത്തിന് 30 കിലോമീറ്റര്‍ അകലെ പ്രതിഷേധക്കാര്‍ വാഹനവ്യൂഹം തടയുകയും ചെയ്തു. 20 മിനിറ്റോളം പ്രധാനമന്ത്രി റോഡില്‍ കുടുങ്ങി. തുടര്‍ന്ന് ഫിറോസ്പുരിലെ റാലി അടക്കം ഉപേക്ഷിച്ച് ഭട്ടിന്‍ഡയിലേയ്ക്ക് മടങ്ങി. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി ഫോണില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ആരോപിച്ചിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയശേഷമുള്ള മോദിയുടെ പഞ്ചാബിലെ ആദ്യ പരിപാടിയായിരുന്നു ഇത്. ലഖിംപുർ ഖേരിയിലെ കര്‍ഷക കൂട്ടക്കൊല ചൂണ്ടിക്കാട്ടി ചില കര്‍ഷകസംഘനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടി. സംഭവത്തിൽ ഫിറോസ്പുര്‍ എസ്എസ്പിയെ സസ്പെന്‍ഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!