മിനി ജെല്ലിക്കെട്ട് ; കയറുപൊട്ടിച്ചോടി നാട്ടുകാരെ വട്ടംകറക്കി പോത്ത്, 24 മണിക്കൂറിന് ശേഷമാണ് കീഴ്പ്പെടുത്താൻ സാധിച്ചത്

പെരിയ: ചിത്താരിയിലെ അറവുശാലയിൽനിന്ന് ഇറങ്ങിയോടി നാടിനെ മുൾമുനയിൽ നിർത്തിയ പോത്തിനെ 24 മണിക്കൂറിലേറെ നേരത്തെ അധ്വാനത്തിനുശേഷം കീഴ്പ്പെടുത്തി. ശനിയാഴ്ച രാവിലെ 11 മണിക്കാണ് അഞ്ചു വയസ്സോളം പ്രായമുള്ള പോത്ത് വിരണ്ടോടിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30നാണ് പോത്തിനെ കെട്ടാനായത്. കയറുപൊട്ടിച്ചോടുന്ന പോത്തിനെക്കണ്ട് നാട്ടുകാരും വാഹനയാത്രക്കാരും ഭയന്നെങ്കിലും അവർക്കുനേരെ തിരിയാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
ചിത്താരിയിലെ അബ്ദുൾറഹ്മാന്റെ ഉടമസ്ഥതയിലുള്ള തവക്കൽ ബീഫ് സ്റ്റാളിലേക്ക് പാലക്കാട് ചന്തയിൽനിന്ന് അറുക്കാനെത്തിച്ച പോത്താണ് വിരണ്ടോടിയത്. കടയിലെ ജീവനക്കാരും ഉടമസ്ഥനും പിറകെ കൂടിയെങ്കിലും പോത്ത് പിടികൊടുത്തില്ല. ചിത്താരിയിൽനിന്ന് തണ്ണോട്ട്, പാക്കംവഴി ഓടിയ പോത്ത് ശനിയാഴ്ച വൈകീട്ടോടെ പെരിയ കേന്ദ്രസർവകലാശാലയിലെ കാടുപിടിച്ച പറമ്പിലേക്ക് കയറി. രാത്രി ഒൻപതുവരെ പോത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല.
ഞായറാഴ്ച രാവിലെയാണ് ചെർക്കാപ്പാറയിലെ പറമ്പിൽ പോത്തിനെ കണ്ടതായി നാട്ടുകാർ ഉടമസ്ഥനെയും അഗ്നിരക്ഷാസേനയേയും വിവരമറിയിച്ചത്. രാവിലെ ഒൻപതുമണിമുതൽ കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയിലെ അംഗങ്ങളും നാട്ടുകാരും പോത്തിനെ പിടിക്കാൻ ശ്രമം തുടർന്നു. ഏറെനേരത്തെ ശ്രമത്തിനെടുവിൽ പോത്തിനെ കയറെറിഞ്ഞ് കെണിയിൽ വീഴ്ത്തുകയായിരുന്നു. വഴങ്ങാതിരുന്ന പോത്ത് ഒടുവിൽ ക്ഷീണിച്ചവശനായാണ് വാഹനത്തിൽ കറിയത്.

