വീട്ടമ്മമാരുടെ ആത്മഹത്യകൾ സാമൂഹത്തിൽ ആശങ്ക സൃഷ്ടിക്കുന്നു. നാഷനൽ വിമൻസ് ലീഗ്

കാസർകോട്: കാസർകോട് ജില്ലയിൽ തുടർച്ചയായി വർധിച്ചുവരുന്ന വീട്ടമ്മമാരുടെ ആത്മഹത്യകൾ കേരള സമൂഹത്തെ ഞെട്ടിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന ഗുരുതരമായ സാമൂഹിക പ്രതിസന്ധിയാണന്ന് നാഷനൽ വിമൻസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ഹസീന ടീച്ചർ അവരുടെ പ്രസ്താവനയിൽ പറഞ്ഞു.
കുടുംബ-സാമ്പത്തിക പ്രതിസന്ധികളും, മാനസിക സമ്മർദ്ദങ്ങളും, സ്ത്രീകൾക്കെതിരായ വിവിധ തരത്തിലുള്ള അതിക്രമങ്ങളും നിരവധി സ്ത്രീകളുടെ ജീവിതം അവസാനിപ്പിക്കുന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തെ സർക്കാർ അതീവ ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്.ഓരോ ആത്മഹത്യയ്ക്കും പിന്നിലുമുള്ള സാമൂഹികവും സാമ്പത്തികവുമായ നിഗൂഢതകൾ കണ്ടെത്തി അടിയന്തര ഇടപെടലുകൾ നടത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ജില്ലയിൽ സ്ത്രീകൾക്കായി പ്രത്യേക കൗൺസിലിംഗ് സംവിധാനങ്ങളും ഹെൽപ്ലൈൻ സേവനങ്ങളും പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക-നിയമ സഹായ പദ്ധതികളും ശക്തിപ്പെടുത്തണം.
സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകളെ പീഡിപ്പിക്കുന്നതും ഗാർഹിക പീഡനങ്ങൾക്ക് ഇരയാക്കുന്നതും നമ്മുടെ സമൂഹത്തിന് അപമാനകരമാണ്. വിവാഹത്തെ ഒരു സാമ്പത്തിക ഇടപാടാക്കി മാറ്റുന്ന സ്ത്രീധന സമ്പ്രദായം സ്ത്രീകളുടെ അന്തസ്സിനും അവകാശങ്ങൾക്കും നേരെയുള്ള കടന്നാക്രമണമാണ്.
സ്ത്രീധനം ആവശ്യപ്പെടുന്നതും അതിന്റെ പേരിൽ മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഗുരുതര കുറ്റകൃത്യങ്ങളാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് നിയമങ്ങളുടെ കർശനമായ നടപ്പാക്കലിനൊപ്പം സമൂഹത്തിന്റെ മനോഭാവത്തിലും മാറ്റം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു.
സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനങ്ങൾക്കുമെതിരെ സർക്കാർ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തുകയും കുറ്റവാളികൾക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കുകയും വേണം. സ്ത്രീകൾക്ക് സുരക്ഷിതവും അന്തസ്സുറ്റതുമായ ജീവിതം ഉറപ്പാക്കുക എന്നത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കൂട്ടുത്തരവാദിത്തമാണ്.
ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ ക്ഷേമ മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്. ഒരു വീട്ടമ്മയുടെ ജീവൻ നഷ്ടപ്പെടുന്നത് ഒരു കുടുംബത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ മുഴുവൻ പരാജയമാണ്. ഇനിയും ജീവനുകൾ നഷ്ടപ്പെടുന്നതിന് മുമ്പ് സർക്കാർ ശക്തവും ഫലപ്രദവുമായ ഇടപെടൽ നടത്തണമെന്ന് എം.ഹസീന ടീച്ചർ ആവശ്യപ്പെട്ടു.

