തീരത്തെ ഞെട്ടിച്ച ഞായർ, കണ്ണീരോടെ കാസർഗോഡ്; കടലിന്റെ ആഴങ്ങളിൽ നിന്നു പ്രിയ കൂട്ടുകാർ മടങ്ങി വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു- ഫലം വിപരീതം

കാസർഗോഡ്കാസർകോട് ∙ ഇന്നലത്തെ പുലരി കാസർകോടിനു കണ്ണീർ നിറഞ്ഞതായിരുന്നു. കസബ കടപ്പുറത്തു നിന്നു പോയ വള്ളം കീഴൂർ ഭാഗത്ത് മറിഞ്ഞ് 3 പേരെ കാണാതായ വാർത്തയാണ് തീരത്തെ ഞെട്ടിച്ചത്. മുൻപ് വള്ളം മറിഞ്ഞ സംഭവങ്ങളുണ്ടായെങ്കിലും മൂന്നു പേരെ കാണാതാകുന്ന സംഭവമുണ്ടാകുന്നത് ഇതാദ്യമായാണ്. അപകടത്തിൽപ്പെട്ട വള്ളത്തിലെ നാലു പേരെ മറ്റു മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്നു രക്ഷിച്ചു. മത്സ്യബന്ധനത്തൊഴിലാളികൾ അപകടത്തിൽപ്പെട്ട വള്ളം കരയ്ക്കെത്തിച്ചപ്പോൾ. കടലിന്റെ ആഴങ്ങളിൽ നിന്നു പ്രിയ കൂട്ടുകാർ മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് ഇന്നലെ വൈകുംവരെ തീരത്തെല്ലാവരും കാത്തു നിന്നത്. രാത്രി വരെ തീരത്തും ആഴക്കടലിലും പരിശോധന നടത്തിയെങ്കിലും കോസ്റ്റൽ പൊലീസിനോ ഫിഷറീസ് അധികൃതർക്കോ അടയാളങ്ങളൊന്നും ലഭിച്ചില്ല. കോസ്റ്റ് ഗാർഡിന്റെ കപ്പൽ മംഗളൂരു മേഖലയിൽ പുറങ്കടലിലായിരുന്നു. കോസ്റ്റൽ പൊലീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും ബോട്ടുകളാണ് ഉപയോഗിച്ചത്. കാണാതായ രതീഷ്, സന്ദീപ്, കാർത്തിക് തീരത്തെ ഞെട്ടിച്ച ഞായർ പുലർച്ചെ 5.45നാണ് വള്ളങ്ങൾ കടലിലേക്കു പോയത്. കാലാവസ്ഥ അത്ര അനുകൂലമല്ലായിരുന്നു. ആദ്യ 4 വള്ളങ്ങൾ കടന്നു പോയി. പിന്നാലെയെത്തിയ വള്ളമാണ് അപകടത്തിൽ പെട്ടത്. തലേന്ന് നന്നായി മീൻ ലഭിച്ചതിനാൽ തൊഴിലാളികൾ വലിയ പ്രതീക്ഷയോടെയാണ് കടലിലേക്കു പോയത്. എന്നാൽ അതു ദുരന്തത്തിൽ കലാശിച്ചു. 30 അടിയോളം ആഴമുള്ള ഭാഗത്താണ് വള്ളം മറിഞ്ഞത്. ഇവിടെ മണൽതിട്ടകളുമുണ്ട്. മുൻപ് കനത്ത തിരയിൽ ഏഴോളം വള്ളങ്ങൾ മറിഞ്ഞ സംഭവവും ഈ പുലിമുട്ടിനു സമീപമുണ്ടായിട്ടുണ്ട്. ഇന്നു രാവിലെ മുതൽ കൂടുതൽ തിരച്ചിൽ നടത്തും. 10 തോണികളിൽ മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസിനൊപ്പം പങ്കെടുക്കും. ഫിഷറീസ് വകുപ്പിന് ജില്ലയിൽ ഒരു രക്ഷാബോട്ട് മാത്രമാണുള്ളത്. ഇന്നലെ ചെറുവത്തൂരിൽ നിന്നാണ് ബോട്ട് കീഴൂരിലെത്തിയത്. ഇതു പലപ്പോളും രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കുന്നുണ്ട് എന്ന വിമർശനം ശക്തമാണ്. അപകടത്തിൽ പരുക്കേറ്റ് കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിക്കുട്ടൻ, രവി എന്നിവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നു. ‘ഒന്നും ചെയ്യാനായില്ല’ ‘മുന്നിൽ പോയ നാലു വള്ളങ്ങൾ പുലിമുട്ട് കടന്നു മുന്നോട്ടു പോയിരുന്നു. ഞങ്ങൾ പുലിമുട്ട് കടന്നതും വലിയ തിരയെത്തി വള്ളത്തെ മറിച്ചു. മൂന്നു പേർ പിടിവിട്ടു പോയി. ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. തിരിഞ്ഞു നോക്കിയാൽ കടലിൽ വീഴും. വള്ളത്തിൽ പിടിവിടാതെ ഞങ്ങൾ മുറുകെ പിടിച്ചു. കനത്ത തിരയിൽ പുലിമുട്ടിനു തെക്കു ഭാഗത്തേക്ക് വള്ളമെത്തി. അവിടുത്തെ തീരത്തെത്തിയപ്പോൾ നാട്ടുകാർ രക്ഷിച്ചു’ അപകട സമയത്തെ കാര്യം പറയുമ്പോൾ ആശുപത്രിയിൽ കഴിയുന്ന മണിക്കുട്ടന്റെ ശബ്ദമിടറി. ഷിബിൽ, രവി, ശശി എന്നിവരാണ് ആശുപത്രിയിൽ കഴിയുന്ന മറ്റുള്ളവർ. അപകടത്തിൽ പരുക്കേറ്റ് കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശശി പുലിമുട്ടിൽ അപാകത കേന്ദ്രാവിഷ്കൃത പദ്ധതിയാണ് കാസർകോട് മത്സ്യബന്ധന തുറമുഖം. നബാർഡ് വഴിയാണ് ഫണ്ട് ലഭിക്കുക. ഇവിടുത്തെ പുലിമുട്ടിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്ന് വിദഗ്ധ പരിശോധന നടത്തി. പുണെയിൽ നിന്നുള്ള വിദഗ്ധർ നിർമാണത്തിൽ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട് നൽകി. എന്നാൽ പുലിമുട്ട് പുനർ നിർമിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ 17 കോടിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. കാസർകോട് സ്വദേശിയായ കരാറുകാരനാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. നിർമാണം ഉടൻ ആരംഭിക്കുമെന്ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ബിജെപി വള്ളം അപകടത്തിൽപ്പെട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും തിരച്ചിൽ ഊർജിതമാക്കാൻ സാധിക്കാത്തത് സർക്കാരിന്റെ വീഴ്ചയും അവഗണനയുമാണെന്ന് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ, സംസ്ഥാന സമിതിയംഗം പി. രമേശ്, നഗരസഭാ കൗൺസിലർമാർ എന്നിവരുൾപ്പെട്ട സംഘം സംഭവസ്ഥലവും മത്സ്യതൊഴിലാളികളുടെ വീടുകളും സന്ദർശിച്ചു. ധീവരസഭ കീഴൂർ കടപ്പുറത്തു സ്ഥാപിച്ച ഫിഷറീസ് സ്റ്റേഷൻ ഉദ്ഘാടനം യഥാസമയം നടത്തിയിരുന്നെങ്കിൽ വിലപ്പെട്ട മൂന്നു ജീവനും രക്ഷപ്പെടുത്തുവാൻ സാധിക്കുമായിരുന്നെന്ന് അഖില കേരള ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് യു.എസ്.ബാലൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് കോസ്റ്റ്ഗാർഡ് സഹായം തേടി ഹെലികോപ്റ്ററും ഉപയോഗിച്ച് ആവശ്യമായത് ചെയ്തു മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തണമെന്നും ധീവരസഭാ ഭാരവാഹികൾ കലക്ടറോട് ആവശ്യപ്പെട്ടു. ഭാരതീയ മത്സ്യ പ്രവർത്തക സംഘം കാഞ്ഞങ്ങാട് ∙ ഫിഷറീസ് വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ഭാരതീയ മത്സ്യ പ്രവർത്തക സംഘം ജില്ലാ കമ്മിറ്റി ആരോപിച്ചു. യോഗം സംസ്ഥാന സെക്രട്ടറി ടി.കെ.കുട്ടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ പുതിയ വളപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി.ശശികുമാർ, ഉമേശൻ കാഞ്ഞങ്ങാട്, പി.വി.അനിൽകുമാർ, സുഗുണൻ തൈക്കടപ്പുറം. പി.വി.രമേശൻ എന്നിവർ പ്രസംഗിച്ചു

