‘ഫണ്ട് കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലിക്കുട്ടി’; ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് മകന്‍

കോഴിക്കോട്: മുസ്ലീം ലീഗ് നേതൃത്വത്തിന് എതിരെ വിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകന്‍ മൊയിന്‍ അലി. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ലെന്നും നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് അദ്ദേഹമെന്നും മൊയീന്‍ അലി പറഞ്ഞു. കോഴിക്കോട്ട് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് വിമര്‍ശനം. ഫിനാൻസ് മാനേജർ സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണ്. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങി. പാണക്കാട് കുടുംബത്തിന്‍റെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കഴിയുന്നതെന്നും മൊയീന്‍ അലി വിശദീകരിച്ചു.ലീഗ് പ്രവര്‍ത്തകന്‍ പ്രതിഷേധിച്ചതോടെ വാര്‍ത്താസമ്മേളനം തടസ്സപ്പെട്ടു.
അതേസമയം ചന്ദ്രിക പത്രത്തിന് എതിരായ ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് മുസ്ലീംലീഗ് വിശദീകരിച്ചു. വരിസംഖ്യയായി പിരിച്ച തുകയാണ് രണ്ട് ഘട്ടമായി ചന്ദ്രികയുടെ അക്കൌണ്ടില്‍ അടച്ചത്. നോട്ടുനിരോധന കാലത്ത് 9,95,00,000 രൂപയാണ് പഞ്ചാബ് നാഷണൽ ബാങ്കില്‍ അടച്ചത്. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് കഴിഞ്ഞ ജൂലൈയിലാണ് ആദായ നികുതി വകുപ്പ് ആദ്യമായി ചോദിച്ചത്. ആവശ്യമായ എല്ലാ രേഖകളും ആദായ നികുതി വകുപ്പിന് നല്‍കിയിട്ടുണ്ട്. പാണക്കാട് ഹൈദരലി തങ്ങളെ ചോദ്യം ചെയ്തിട്ടില്ലെന്നും മൊഴിയെടുക്കുകയാണ് ഉണ്ടായതെന്നും ലീഗ് വിശദീകരിച്ചു. ദിനപത്രത്തിലൂടെ 10 കോടി കള്ളപ്പണം വെളുപ്പിച്ച കേസിൽ പത്രത്തിന്‍റെ ചെയർമാനും എംഡിയുമായ തങ്ങള്‍ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചിരുന്നു.

