താജ്മഹൽ പരിസരത്ത് നമസ്‌കരിച്ചതില്‍ പ്രതിഷേധം; ഇറാനിയൻ ദമ്പതിമാർ അറസ്റ്റിൽ
ലഖ്‌നൗ: ആഗ്രയിൽ താജ്മഹലിന്റെ പരിസരത്ത് നമസ്‌കരിച്ചതിന് ഇറാനിയൻ ദമ്പതിമാർ അറസ്റ്റിൽ. താജ്മഹലിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ നമസ്‌കരിച്ചെന്ന് കാണിച്ച് ഹിന്ദു വിഭാഗത്തിൽനിന്ന് വിമർശനം ഉയർന്നതിനു പിന്നാലെയാണ് പൊലീസ് നടപടി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. താജ്മഹലിന്റെ കിഴക്കൻ ഗേറ്റിനോടു ചേർന്നുള്ള ക്ഷേത്രത്തിനകത്താണ് ഇറാനിയൻ ടൂറിസ്റ്റുകൾ നമസ്‌കരിച്ചത്. ഇവർ പ്രാർഥന നിർവഹിക്കുമ്പോൾ അകത്ത് ആരുമുണ്ടായിരുന്നില്ല. നമസ്‌കരിക്കുന്നതു ശ്രദ്ധയിൽപെട്ട് ഒരു വിഭാഗം പ്രതിഷേധവുമായി എത്തുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.
വൃത്തിയുള്ള സ്ഥലമാണെന്നു കണ്ടാണ് അവിടെ നമസ്‌കരിച്ചതെന്നും അത് ക്ഷേത്രമാണെന്ന് അറിയില്ലായിരുന്നുവെന്നും ഇറാനിയൻ ദമ്പതിമാർ മാധ്യമങ്ങളോട് പറഞ്ഞു. മുറിയുടെ വാതിൽ തുറന്നപ്പോൾ അകത്ത് ആരുമുണ്ടായിരുന്നില്ല. പിന്നീട് ആളുകൾ പ്രശ്‌നമുണ്ടാക്കിയപ്പോഴാണു ക്ഷേത്രമാണെന്നു മനസിലാകുന്നത്. ഇതോടെ തങ്ങൾ മാപ്പുപറഞ്ഞതാണെന്നും ഇവർ പറഞ്ഞു. ആരെയും പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചു ചെയ്തതല്ല. പരിസരത്തൊന്നും പള്ളികൾ കാണാത്തതുകൊണ്ടാണ് അവിടെ പോയതെന്നും വിശ്വാസികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമചോദിക്കുന്നുവെന്നും ദമ്പതിമാർ പറഞ്ഞു.
സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഗ്ര പൊലീസ് പറഞ്ഞു. പരാതിയിൽ അന്വേഷണം നടക്കുകയാണ്. എന്നാൽ, ദമ്പതിമാരുടെ വിശദീകരണത്തിൽനിന്ന് ദുരുദ്ദേശ്യപരമായി ഒന്നും നടപടിക്കു പിന്നിലില്ലെന്നാണു വ്യക്തമാകുന്നത്. അവർ മാപ്പുപറയുകയും ചെയ്തതാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. അതേസമയം, ക്ഷേത്രത്തിൽ എന്തെങ്കിലും ആചാരലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്നു പരിശോധിക്കും. സംഭവത്തിൽ ഒരു സമുദായത്തിന്റെയും വികാരം വ്രണപ്പെടാതിരിക്കാനും ക്രമസമാധാനനിലയെ ബാധിക്കാതിരിക്കാനും നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.