മത്സരിച്ചില്ല, 4475 കോടി മുടക്കിയിട്ടും ആരും ജയിച്ചില്ല; ഏറ്റവും വലിയ തോൽവി മസ്കിന്

വാഷിങ്ടൺ: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും ഏറ്റവും വലിയ തിരിച്ചടി നേരിട്ടവരിൽ ഒരാൾ സ്പേസ് എക്സ് ഉടമ ഇലോൺ മസ്കാണ്. ട്രംപിന്റെ നിലപാടുകൾക്കും നയങ്ങൾക്കുമെതിരായ ജനവിധിയാണെന്ന് വ്യഖ്യാനിക്കുമ്പോഴും പണക്കൊഴുപ്പിൽ അധികാര സ്വാധീനം വ്യാപിപ്പിക്കാമെന്ന മസ്കിന്റെ ധാരണയ്ക്കുമാണ് തിരിച്ചടി നേരിട്ടത്. ഡെമക്രാറ്റുകൾ വൻ വിജയത്തോടെ മസ്കിന്റെ രാഷ്ട്രീയ സ്വാധീനത്തിന് ഭീഷണിയുയർത്തിയിരിക്കുകയാണ്. ഒപ്പം അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം കൂടുതൽ പരിശോധനകൾക്ക് വിധേയമാവാനും സാധ്യതയുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിക്കുവേണ്ടി ഈ തിരഞ്ഞെടുപ്പിൽ കോടികൾ വരിയെറിഞ്ഞത് മസ്കായിരുന്നു. ഏകദേശം 4475 കോടി രൂപയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കായി മസ്ക് മുടക്കിയത്
മസ്ക് ഏറ്റവും കൂടുതൽ പണം ചെലവഴിച്ച സംസ്ഥാനങ്ങളിലാണ് ഡെമക്രാറ്റുകൾ വൻ ജയം നേടിയത്. ഒക്ടോബർ 14വരെയുള്ള ഫെഡറൽ തിരഞ്ഞെടുപ്പ് ഫണ്ടിങ് രേഖകൾ പ്രകാരം 445.6 ദശലക്ഷം ഡോളറാണ് മസ്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഭാവന ചെയ്തത്. റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ പിന്തുണയ്ക്കുന്ന സൂപ്പർ പിഎസികൾക്ക് ഏകദേശം 474 ദശലക്ഷം ഡോളർ മസ്ക് നൽകിയെന്നാണ് ന്യൂയോർക്ക് ടൈംസ് നടത്തിയ മറ്റൊരു റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ ഭൂരിഭാഗവും ടെക്സസിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നു.
ടെക്സസിൽമാത്രം റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കായി ഏകദേശം 224 ദശലക്ഷം ഡോളർ മസ്ക് ചെലവഴിച്ചതായാണ് റിപ്പോർട്ട്. മസ്കിന്റെ ബിസിനസ് സാമ്രാജ്യത്തിന് നിർണായകമായ സംസ്ഥാനമാണ് ടെക്സസ്. ടെസ്ല, സ്പേസ് എക്സ് എന്നീ കമ്പനികളുടെ പ്രധാന കേന്ദ്രങ്ങൾ ഇവിടെയാണ്. ഇരുകമ്പനികളും ചേർന്ന് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ചിപ്പ് നിർമാണ പദ്ധതിയും ടെക്സസിലാണ്. അതിനാൽത്തന്നെ ടെക്സസിലെ തിരഞ്ഞെടുപ്പ് ഫലം മസ്കിനെ സംബന്ധിച്ച ഏറ്റവും വലിയ ആഘാതമാണ്. റിപ്പബ്ലിക്കൻ ഗവർണർ ഗ്രെഗ് ആബട്ടിനെ പരാജയപ്പെടുത്തി ഡെമക്രാറ്റിന്റെ ജിന ഹിനോജോസയാണ് ടെക്സസിൽ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് പതിറ്റാണ്ടിലേറെയായി റിപ്പബ്ലിക്കൻ നിയന്ത്രണത്തിലായിരുന്ന ടെക്സസിൽ ഡെമക്രാറ്റ് ഗവർണർ അധികാരത്തിലെത്തുന്നത് ഇതാദ്യമായാണ്.
സെനറ്റ് തിരഞ്ഞെടുപ്പിലും ടെക്സസിൽ ഡെമോക്രാറ്റുകൾക്ക് ചരിത്രവിജയമുണ്ടായി. റിപ്പബ്ലിക്കൻ സ്ഥാനാർഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി ജെയിംസ് തലാരിക്കോ വിജയിച്ചു. 1994-നുശേഷം ടെക്സസിൽ ഒരു ഡെമക്രാറ്റ് സംസ്ഥാനതല തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത് ഇതാദ്യമായാണ്. പാക്സ്റ്റണിന്റെ സ്ഥാനാർഥിത്വത്തിനു പിന്നിലും മസ്കിന്റെ സാമ്പത്തിക പിന്തുണ നിർണായകമായിരുന്നു. റിപ്പബ്ലിക്കൻ പ്രൈമറിയിൽ സിറ്റിങ് സെനറ്റർ ജോൺ കോർണിനെ പരാജയപ്പെടുത്താൻ പാക്സ്റ്റണെ സഹായിച്ചത് മസ്കിന്റെ പണമാണെന്നാണ് വിലയിരുത്തൽ.
ടെക്സസിന് പുറത്തും മസ്ക് പിന്തുണച്ച സ്ഥാനാർഥികൾക്ക് തിരിച്ചടിയുണ്ടായി. തലാറിക്കോയ്ക്കും മിഷിഗണിലെ ഡെമോക്രാറ്റ് സ്ഥാനാർഥി അബ്ദുൽ എൽ സയദിനുമെതിരെ മസ്കിന്റെ പിന്തുണയിൽ പരസ്യപ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ, എൽ സയദ് ഏകദേശം എട്ട് ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഒഹായോയിൽ ഷെറോഡ് ബ്രൗണും വീണ്ടും വിജയിച്ചു. ഇതോടെ യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വ്യക്തിയായി എൽ സയദ് മാറി.
തിരഞ്ഞെടുപ്പ് രാത്രിയിൽ മസ്ക് പ്രതികരണമൊന്നും നടത്തിയിരുന്നില്ല. എന്നാൽ ബുധനാഴ്ച പുലർച്ചെ എക്സിൽ പരിഹാസരൂപത്തിലുള്ള കുറിപ്പുമായി രംഗത്തെത്തി. ‘തിരഞ്ഞെടുപ്പിൽ ഇടപെടാൻ എന്റെ ബഹിരാകാശ ലേസറുകൾ ഇത്തവണ പ്രവർത്തിച്ചില്ലെന്ന് തോന്നുന്നു’ എന്നായിരുന്നു മസ്കിന്റെ പോസ്റ്റ്. 2024-ലെ തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വോട്ടുകൾ എത്തിച്ചെന്ന വ്യാജ ഗൂഢാലോചനാ സിദ്ധാന്തത്തെയാണ് അദ്ദേഹം പരാമർശിച്ചത്.

