രാഹുലിന്റെ ജനപ്രീതി കൂടി: ജോഡോ യാത്ര അവസാനിക്കുമ്പോൾ പ്രിയങ്കയുടെ മഹിളാ മാർച്ച്

ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മഹിളാ മാർച്ച് ആരംഭിക്കുമെന്ന് കോൺഗ്രസ്. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രണ്ടു മാസം നീളുന്ന യാത്രയാണ് സംഘടിപ്പിക്കുക. 2023 ജനുവരി 26ന് തുടങ്ങി രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് മാർച്ച് 26ന് സമാപിക്കും.
രാഹുൽ ഗാന്ധിയുടെ യാത്ര അവസാനിക്കുന്ന അതേദിവസം തന്നെയാകും പ്രിയങ്കയുടെ യാത്ര ആരംഭിക്കുക. ഭാരത് ജോഡോ യാത്ര പാർട്ടിക്ക് ഉണർവുണ്ടാക്കിയെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. യാത്രയുടെ സ്വാധീനം ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം കോൺഗ്രസിന് വലിയ നേട്ടം ഉണ്ടാക്കുമെന്നും രാഹുലിന്റെ ജനപ്രീതി വലിയ രീതിയിൽ വർധിച്ചതായും പാർട്ടി വിലയിരുത്തുന്നു.