ഇറാന്‍ ഫുട്ബോള്‍ ഇതിഹാസം അലി ദേയ്‌യുടെ സ്ഥാപനങ്ങള്‍ പൂട്ടി സീല്‍ ചെയ്തു

ഇറാന്‍ ഫുട്ബോള്‍ ഇതിഹാസം അലി ദേയിയുടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി സീല്‍ ചെയ്ത് അധികൃതര്‍. ഈയാഴ്ച പണിമുടക്കാനുള്ള പ്രതിഷേധക്കാരുടെ ആഹ്വാനത്തെ പിന്തുണച്ചതിനാണ് നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെഹ്റാനിലെ നൂര്‍ ജ്വല്ലറിയും റെസ്റ്റോറന്റുമാണ് അടച്ചുപൂട്ടാന്‍ ജുഡീഷ്യറി ഉത്തരവിട്ടത്. എന്നാല്‍ നടപടി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്ന് ന്യൂസ് ഏജന്‍സി പറയുന്നു.
“വിപണിയിലെ സമാധാനവും വ്യാപാരവും തകര്‍ക്കാന്‍ സൈബര്‍സ്‌പേസിലെ ചില ഗ്രൂപ്പുകളുമായുള്ള സഹകരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നൂര്‍ ജ്വല്ലറി സീല്‍ ചെയ്യാന്‍ ജുഡീഷ്യറി ഉത്തരവ് പുറപ്പെടുവിച്ചു”- ഐഎസ്‌എന്‍എ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മഹ്‌സ അമിനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ പിന്തുണച്ചതിന് ശേഷം തനിക്ക് ഭീഷണിയുണ്ടായതായി അലി ദേയ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മറികടക്കുന്നതുവരെ അലി ദേയ് അന്താരാഷ്ട്ര തലത്തില്‍ നേടിയ 109 ഗോളുകളെ കവച്ചുവയ്ക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല.
ഇറാനിയന്‍ ഫുട്ബോള്‍ മാനേജരും മുന്‍ താരവുമാണ് അലി ദേയ്. സ്‌ട്രൈക്കറായ അദ്ദേഹം 2000- 2006 കാലഘട്ടത്തില്‍ ഇറാനിയന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായിരുന്നു,
കഴിഞ്ഞദിവസം രാജ്യത്തെ മതകാര്യ പൊലീസ് പിരിച്ചുവിട്ടിരുന്നു. നീതിന്യായ വ്യവസ്ഥയില്‍ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയാണ് നടപടി. മഹ്‌സ അമീനിയുടെ മരണത്തെ തുടര്‍ന്ന് രണ്ടു മാസത്തിലധികമായി നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.
ശിരോവസ്ത്ര നിയമം സംബന്ധിച്ച് പാര്‍ലമെന്റും പരമോന്നത ആത്മീയ നേതൃത്വവും ചര്‍ച്ച നടത്തുകയാണെന്നും രണ്ടാഴ്ചക്കുളളില്‍ ഇതു സംബന്ധിച്ച തീരുമാനം വരുമെന്നും ഇറാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചിട്ടുണ്ട്. ശിരോവസ്ത്ര നിയമത്തില്‍ മാറ്റം വരുത്തുന്ന കാര്യം പാര്‍ലമെന്റും മതനേതൃത്വവും ചര്‍ച്ച ചെയ്തു വരികയാണെന്നും ഇറാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കടുത്ത ഹിജാബ് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയ്ക്കിടെയാണ് ഇറാനിലെ സദാചാര പൊലീസ് മഹ്‌സയെ കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് സെപ്തംബര്‍ 16ന് കസ്റ്റഡിയിലിരിക്കേ മഹ്‌സ മരണപ്പെട്ടു. മഹ്‌സയുടെ സ്വദേശമായ കുര്‍ദ് മേഖലയില്‍ തുടക്കമിട്ട പ്രതിഷേധം രാജ്യതലസ്ഥാനമായ ടെഹ്‌റാന്‍ അടക്കം 150ഓളം നഗരങ്ങളിലേക്ക് വ്യാപിച്ചു. പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് ഭരണകൂടം പലതവണ ആവശ്യപ്പെട്ടെങ്കിലും വിജയിച്ചില്ല.