‘മഞ്ഞള്‍ വെള്ളം കലക്കികൊടുത്ത് ഉമ്മന്‍ചാണ്ടിയെ ബുദ്ധിമുട്ടിക്കുന്നു’; ആരോപണം ആവർത്തിച്ച് സഹോദരന്‍

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് ആവര്‍ത്തിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ അലക്‌സ് വി. ചാണ്ടി. ആയുര്‍വേദ മരുന്നുകളും മഞ്ഞള്‍ വെള്ളവും കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില വഷളായി വരികയാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് സഹോദരനും മറ്റുചില ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്ത് പുറത്തുവന്നിരുന്നു. അതേസമയം, തനിക്ക് ചികിത്സ നിഷേധിക്കുകയാണെന്ന വാദം ഉമ്മന്‍ചാണ്ടി തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ നിഷേധിച്ചിട്ടുണ്ട്. ‘അസുഖമില്ല, തുടര്‍ ചികിത്സയ്ക്ക് ഇനിയെന്തിനാണ് പോകുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ ആയുര്‍വേദം മരുന്നുകള്‍ നല്‍കുന്നുണ്ട്. ആയുര്‍വേദ മരുന്നുകളും മഞ്ഞള്‍ വെള്ളവും നല്‍കി ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്. ക്യാന്‍സറിന്റെ ആരംഭമാണ്, ചെറിയ വലിപ്പത്തിലേ ഉള്ളൂ, കരിയിച്ചു കളയാമെന്ന് ആശുപത്രിയില്‍ നിന്ന് ആദ്യം നിര്‍ദേശിച്ചിരുന്നു. മകള്‍ അച്ചു ചികിത്സ നല്‍കാനൊക്കെ ആവശ്യപ്പെട്ടെങ്കിലും മകന്‍ അമ്മയെ വിളിച്ച ശേഷം ചികിത്സ നല്‍കേണ്ടെന്നുവെച്ചു. ചികിത്സയ്ക്കായി ആശുപത്രിയിലൊക്കെ പോകുന്നുണ്ടെങ്കിലും ചികിത്സ നല്‍കുന്നില്ല’, അലക്‌സ് വി. ചാണ്ടി പറഞ്ഞു.

