തമിഴ്‌നാട്ടിലും ജനം വിധിയെഴുതി; 72 ശതമാനം പോളിങ്

ചെന്നൈ: വികസനവും അഴിമതിയും മതവും വർഗീയതയും മക്കൾ രാഷ്ട്രീയവും എല്ലാം ചർച്ചയായ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ജനം വിധിയെഴുതി. സംസ്ഥാനത്ത് 72 ശതമാനം പോളിങ് നടന്നുവെന്നാണ് ഏറ്റവും ഒടുവിൽ കിട്ടിയ കണക്കുകൾ വ്യക്തമാക്കുന്നത്. സമാധാനപരമായിരുന്നു തമിഴ്നാട്ടിലെ വോട്ടെടുപ്പ്. രാവിലെ ഏഴ് മണിമുതൽ മികച്ച പോളിങ്ങ് ആയിരുന്നു. ഉച്ചയ്ക്ക് ശേഷം പോളിംഗ് നിരക്ക് അൽപ്പം കുറഞ്ഞു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ, മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ തുടങ്ങി പ്രധാന നേതാക്കളെല്ലാം രാവിലെത്തന്നെ വോട്ട് രേഖപ്പെടുത്തി. പൊതുവേ തിരഞ്ഞെടുപ്പിന് അക്രമസംഭവങ്ങൾ കുറേയധികം റിപ്പോർട്ട് ചെയ്യാറുള്ള തമിഴ്നാട്ടിൽ ഇത്തവണ അനിഷ്ട സംഭവങ്ങൾ കുറവാണ്. തേനിയിൽ ഒ പനീർസെൽവത്തിന്റെ മകൻ രവീന്ദ്ര നാഥ് കുമാർ എംപി സഞ്ചരിച്ച കാറിന്റെ ചില്ല് ഒരു സംഘം അടിച്ച് തകർത്തു. തൊണ്ടാമുത്തൂർ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർത്ഥി കാർത്തികേയ ശിവസേനാപതിയെ ഒരു സംഘം കയ്യേറ്റം ചെയ്തു. വിരുദ് നഗർ മണ്ഡലത്തിലെ വിരുദ്നഗർ ടൗൺ ബൂത്തിൽ ആർക്ക് വോട്ട് ചെയ്താലും ബിജെപി സ്ഥാനാർത്ഥിയ്ക്ക് രേഖപ്പെടുത്തിയതോടെ വോട്ടെടുപ്പ് നിർത്തിവെച്ചു. പിന്നീട് പുതിയ വോട്ടിംഗ് മെഷിൻ എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. ചെന്നൈയിൽ ബൂത്തിലേയ്ക്ക് ബിജെപി ചിഹ്നം വെച്ച കാറിലെത്തിയ ഖുഷ്ബു സുന്ദറിനെതിരെ ഡിഎംകെയും കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബിജെപി പണം വിതരണം ചെയ്തെന്ന പരാതിയുമായി കമൽഹാസനും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കോവിഡ് ബാധിതയായി ചികിത്സയിലുള്ള കനിമൊഴി എംപി വൈകീട്ട് 6.30ന് രാധാകൃഷ്ണൻ റോഡിലെ ബൂത്തിലെത്തി വോട്ട് ചെയ്തു. എംഎൽഎമാരെ രാജിവെപ്പിച്ച് കോൺഗ്രസ് സർക്കാരിനെ ബിജെപി സഖ്യം താഴെയിറക്കിയ പുതുച്ചേരിയിൽ മികച്ച പോളിങ്ങായിരുന്നു. കോവിഡ് ബാധിച്ച ബിജെപി നേതാവ് എ നമശിവായം ഏഴ് മണിയോടെ വോട്ട് ചെയ്തു. എൻ ആർ കോൺഗ്രസ്-ബിജെപി-അണ്ണാ ഡിഎംകെ സഖ്യവും കോൺഗ്രസ് – ഡിഎംകെ സഖ്യവും തമ്മിൽ കടുത്ത മത്സരമാണ് പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലും നടന്നത്.

