KSDLIVENEWS

Real news for everyone

ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ. രാജയ്ക്ക് എംഎൽഎ ആയി തുടരാം: വിജയം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി

SHARE THIS ON

ഇടുക്കി: ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ. രാജയ്ക്ക് ആശ്വാസം. രാജയ്ക്ക് എംഎൽഎ ആയി തുടരാമെന്ന് രാജയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണംചെയ്ത മണ്ഡലത്തിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്ന് വിലയിരുത്തി ഹൈക്കോടതി 2023 മാർച്ചിൽ എം.എൽ.എ.യുടെ നിയമസഭാംഗത്വം റദ്ദാക്കിയിരുന്നു.

ജഡ്ജിമാരായ എ അമാനുള്ള, പി.കെ. മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി തിരഞ്ഞെടുപ്പ് ജയം ശരിവെച്ചത്. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി 2023 മാർച്ച് 20-നാണ് ഹൈക്കോടതി തിരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്.

ക്രിസ്തുമതവിശ്വാസിയായ രാജയ്ക്ക് സംവരണമണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥിയായ യു.ഡി.എഫിലെ ഡി. കുമാറായിരുന്നു ഹർജി നൽകിയത്. ഇതിനെതിരേ സുപ്രീംകോടതിയിലെത്തിയ രാജയ്ക്ക് അനുകൂലമായി വിധിച്ച ബെഞ്ച്, ഹൈക്കോടതി ഉത്തരവ് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തിരുന്നു.

ഹിന്ദു പറയൻ സമുദായാംഗമാണെന്ന് അവകാശപ്പെട്ടാണ് രാജ മത്സരിച്ചത്. രാജ വളരെമുമ്പ് ക്രിസ്തുമതത്തിലക്ക് മാറിയതാണെന്നും ആ വിശ്വാസമാണ് പിന്തുടരുന്നതെന്നും വിലയിരുത്തിയായിരുന്നു ജനപ്രാതിനിധ്യനിയമപ്രകാരമുള്ള ഹൈക്കോടതി നടപടി.

തമിഴ്‌നാട്ടിൽനിന്ന് മൂന്നാറിലേക്ക് കുടിയേറിയ ഹിന്ദു പറയർ വിഭാഗക്കാരായ മാതാപിതാക്കൾക്കുണ്ടായ മകനാണ് തന്റെ പിതാവെന്ന് രാജ സുപ്രീംകോടതിയിൽ വാദിച്ചത്. ഇന്ത്യന്‍ ഭരണഘടനയിലെ (പട്ടിക ജാതി) ഉത്തരവ് നിലവിൽവന്ന 1950 ഓഗസ്റ്റ് 10-ന് മുമ്പ് കുടിയേറിയതിനാൽ തമിഴ് നാട്ടിലെ സംവരണത്തിന് ഉണ്ടായിരുന്ന അർഹത കേരളത്തിലും ഇവർക്ക് ഉണ്ടെന്ന് രാജക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ഗിരിയും അഭിഭാഷകൻ ജി. പ്രകാശും സുപ്രീം കോടതിയിൽ വാദിച്ചിരുന്നു.

ഇന്ത്യന്‍ ഭരണഘടനയിലെ (പട്ടിക ജാതി) ഉത്തരവ് നിലവിൽവന്ന 1950 ഓഗസ്റ്റ് 10-ന് മുമ്പാണോ രാജയുടെ പിതാവിന്റെ മാതാപിതാക്കൾ കുടിയേറിയതെന്ന് തെളിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് തന്റെ അച്ഛന്റെ അമ്മ പുഷ്പം 1950-ന് മുമ്പ് കേരളത്തിൽ എത്തിയത്തിന്റെ രേഖകൾ രാജ സുപ്രീം കോടതിയിൽ ഹാജരാക്കിയത്. ഈ രേഖകൾ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

1949 മുതൽ പുഷ്പം ടാറ്റയുടെ ഉടമസ്ഥയിലുള്ള മൂന്നാറിലെ കണ്ണൻദേവൻ പ്ലാന്റേഷനിൽ ജോലിചെയ്തിരുന്നതിന്റെ രേഖകളാണ് സുപ്രീം കോടതിക്ക് കൈമാറിയത്. 1949 ഫെബ്രുവരി 21-ന് പുഷ്പം ടാറ്റ എസ്റ്റേറ്റിൽ ജോലിക്ക് പ്രവേശിച്ചെന്ന് വ്യക്തമാക്കി 2021-ൽ കണ്ണൻ ദേവൻ പ്ലാന്റേഷനിലെ ജനറൽ മാനേജർ നൽകിയ സർട്ടിഫിക്കറ്റാണ് കോടതിക്ക് കൈമാറിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!