കൊടുമ്പിരികൊണ്ട് മുഖ്യമന്ത്രിച്ചർച്ച: ചെന്നിത്തല ഡൽഹിയിൽ; സതീശനെ വീട്ടിലെത്തികണ്ട് ടി.ജെ വിനോദും ദീപകും

തിരുവനന്തപുരം: കൊടുമ്പിരി കൊണ്ട് കോൺഗ്രസിലെ മുഖ്യമന്ത്രിച്ചർച്ചകൾ. എംഎൽഎമാരുടെ പിന്തുണ സമാഹരിക്കാനുള്ള ഭഗീരഥപ്രയത്നത്തിലാണ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ ക്യാമ്പുകൾ. ഫ്ളക്സുകൾ സ്ഥാപിച്ചും സാമൂഹികമാധ്യമങ്ങളിലുടെ അനുകൂല തരംഗമുണ്ടാക്കാനും നേതാക്കന്മാരുടെ ക്യാമ്പുകൾ ശ്രമിക്കുന്നുണ്ട്.
കെ.സിക്ക് വേണ്ടി പിന്തുണ ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് മാത്യു കുഴൽനാടനും എ.പി. അനിൽകുമാറും. എം.എൽ.എമാരിൽ ഭൂരിപക്ഷവും തങ്ങൾക്ക് ഒപ്പമാണെന്നതാണ് കെ.സി പക്ഷത്തിന്റെ ആത്മവിശ്വാസം. അത് കണക്കിലെടുത്താൽ ആകെ ജയിച്ച കോൺഗ്രസ് എം.എൽ.എമാരിൽ എണ്ണവും കുറവ് സതീശൻ ക്യാമ്പിലാണ്. പക്ഷേ 2021 ൽ പ്രതിപക്ഷ നേതാവായി വീണ്ടും ചെന്നിത്തലയെ പിന്തുണക്കാൻ എ-ഐ ഗ്രൂപ്പുകൾ സംയുക്തമായി തീരുമാനിച്ചിട്ടും അത് അട്ടിമറിക്കപ്പെട്ട സാഹചര്യവും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. മുഹമ്മദ് ഷിയാസും എൻ ശക്തനും ഉൾപ്പെടെയുള്ളവരാണ് വി.ഡി. സതീശനുള്ള പിന്തുണയ്ക്കു വേണ്ടി പരിശ്രമിക്കുന്നത്. സീനിയോരിറ്റി പരിഗണിക്കപ്പെടുന്നപക്ഷം കാര്യങ്ങൾ ചെന്നിത്തലയ്ക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ.
അതേസമയം, ചെന്നിത്തല ഇന്ന് രാവിലെ ഡൽഹിയിൽ എത്തി. എൻജിഒ അസോസിയേഷൻ നേതാക്കൾ ഉൾപ്പെടെ വലിയസംഘമാണ് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നത്. ഇന്നലെ ഡൽഹിയിലെത്തിയ കെ.സി. വേണുഗോപാലിനും വൻസ്വീകരണമായിരുന്നു ലഭിച്ചത്.
അതിനിടെ ചില എംഎൽഎമാർ തങ്ങൾ ആർക്കൊപ്പമാണെന്ന് പ്രത്യക്ഷവും പരോക്ഷവുമായി പ്രഖ്യാപനവും നടത്തുന്നുണ്ട്. ചടയമംഗലം മണ്ഡലത്തിൽ മന്ത്രി ജെ. ചിഞ്ചുറാണിയെ പരാജയപ്പെടുത്തിയ എം.എം. നസീർ, താൻ വേണുഗോപാലിനൊപ്പമാണെന്ന് പരസ്യമായി പറഞ്ഞുകഴിഞ്ഞു. തനിക്ക് സീറ്റ് നൽകിയത് കെ.സി. ആണെന്നും അതിനാൽ അദ്ദേഹത്തിനാണ് പിന്തുണയെന്നുമായിരുന്നു നസീറിന്റെ വാക്കുകൾ.
യുഡിഎഫ് 102 സീറ്റുകൾ നേടി വൻവിജയം നേടിയപ്പോൾ കോൺഗ്രസ് ജയിച്ചുകയറിയത് 63 സീറ്റുകളാണ്. ചുരുങ്ങിയത് 43 എംഎൽഎമാരുടെ പിന്തുണയും മൂന്ന് സ്വതന്ത്രരും ഒപ്പമുണ്ടെന്ന് കെ.സി. വേണുഗോപാൽ ക്യാമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവർത്തനവും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ്, വിവിധ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകൾ, ഒടുവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയിലെ പ്രകടനം മുഖ്യമന്ത്രിസ്ഥാനത്തേക്ക് തുണയാകുമെന്നാണ് വി.ഡി. സതീശൻ ക്യാമ്പ് വിശ്വസിക്കുന്നത്. ചൊവ്വാഴ്ച പറവൂരിലെത്തിയ സതീശന് റെയിൽവേസ്റ്റേഷനിൽ ലഭിച്ചത് വൻവരവേൽപ്പായിരുന്നു. ഇന്ന് (ബുധനാഴ്ച) രാവിലെ ടി.ജെ. വിനോദും ദീപക് ജോയിയും സതീശനെ കാണാൻ ആലുവയിലെ വീട്ടിൽ എത്തിയിരുന്നു.
എം.എൽ.എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കേന്ദ്രനിരീക്ഷകർ കണ്ട് അഭിപ്രായം തേടുകയും കോൺഗ്രസ് നിയമസഭാ കക്ഷി യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കാനുമാണ് എല്ലാ സാധ്യതയും

