കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; കാസർകോട് സ്വകാര്യ ബസ് പണിമുടക്ക് പൂർണം

കാസർകോട്: സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ജില്ലയിൽ നടത്തിയ സ്വകാര്യ ബസ് പണിമുടക്ക് പൂർണം. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങാതെ വന്നതോടെ കെഎസ്ആർടിസി ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടത്തും വിദ്യാർഥികളുൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനം ഇടിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഒരു ദിവസത്തെ സൂചനാ സമരം. സൗജന്യ യാത്ര വിദ്യാർഥികൾക്കും 65 വയസ്സിന് മുകളിലുള്ള സ്ത്രീപുരുഷന്മാർക്കും മാത്രം നൽകുക, 50 ശതമാനം ഡീസൽ സബ്സിഡി നൽകുക, റോഡ് നികുതി പൂർണമായും ഒഴിവാക്കുക, അന്തർ സംസ്ഥാന, ടൗൺ ടു ടൗൺ ബസുകളിൽ സൗജന്യ യാത്ര ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.
കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകൾ വലിയ നഷ്ടം നേരിടുന്നുവെന്നാണ് ബസുടമകൾ പറയുന്നത്. ഡീസലടിക്കാനുള്ള കാശ് പോലും ലഭിക്കുന്നില്ലെന്നും ബസുടമകൾ വ്യക്തമാക്കി. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും മുഴുവൻ തൊഴിലാളി സംഘടനകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. തൊഴിലാളികൾ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.

