KSDLIVENEWS

Real news for everyone

അർജന്റീനക്കാരെ നോട്ടംകൊണ്ടറിയാൻ പറ്റും: അവർക്കെന്നെ ഇഷ്ടമല്ല; മനംതുറന്ന് റൊണാൾഡോ

SHARE THIS ON

ന്യൂയോർക്ക്: അർജന്റീനക്കാർക്ക് തന്നെ ഇഷ്ടമല്ലെന്ന്‌ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അതവരുടെ നോട്ടത്തിൽനിന്നുതന്നെ മനസ്സിലാകും. എന്നാൽ തന്റെ പങ്കാളി ജോർജിന അർജന്റീനയിൽനിന്നാണ്. പ്രീക്വാർട്ടറിൽ സ്പെയിനെ നേരിടുന്നതിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫ്ളൈറ്റ് യാത്രയ്ക്കിടെയുണ്ടായ രസകരമായ ഒരനുഭവം ഓർമിച്ച് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്.

ടെക്സാസിലെ ആർലിങ്ടണിലേക്കുള്ള പോർച്ചുഗൽ ടീമിന്റെ വിമാനയാത്രയ്ക്കിടെ ഒരു ക്രൂ അംഗവുമായുണ്ടായ ആശയവിനിമയത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചാണ് റൊണാൾഡോ ഇക്കാര്യം വിവരിച്ചത്. വിമാനത്തിലെ ഫ്‌ളൈറ്റ് അറ്റൻഡന്റുമാരിൽ ഒരാൾ അർജന്റീനക്കാരിയായിരുന്നുവെന്നും അവൾ തന്നെ നോക്കിയ രീതിയിൽനിന്നുതന്നെ അത് മനസ്സിലായെന്നും റൊണാൾഡോ ചിരിയോടെ പറഞ്ഞു.

‘ഞാൻ അവളോട് നിങ്ങൾ അർജന്റീനയിൽനിന്നാണല്ലേ എന്ന് ചോദിച്ചു. അതെങ്ങനെ മനസ്സിലായെന്ന് അവൾ അദ്ഭുതത്തോടെ ചോദിച്ചപ്പോൾ എന്നെ നോക്കിയ നോട്ടത്തിൽനിന്നുതന്നെയാണെന്ന് ഞാൻ മറുപടി നൽകി’ -റൊണാൾഡോ പറഞ്ഞു. ‘എന്നെ നോക്കി പെട്ടെന്നുതന്നെ കണ്ണുവെട്ടിച്ചതിൽനിന്ന് അർജന്റീനക്കാർക്ക് ക്രിസ്റ്റ്യാനോയെ ഇഷ്ടമല്ലെന്ന് മനസ്സിലായെന്ന് ഞാൻ തമാശയായിപ്പറഞ്ഞു. എന്നാൽ എന്റെ പങ്കാളി ജോർജിന അർജന്റീനക്കാരിയായതുകൊണ്ട് എനിക്ക് അർജന്റീനക്കാരോട് പ്രത്യേക സ്നേഹമുണ്ടാകണമെന്ന് അവൾ ഓർമിപ്പിച്ചെന്നും ക്രിസ്റ്റിയാനോ വ്യക്തമാക്കി. ബ്യൂണസ് ഐറിസിൽ ജനിച്ച ജോർജിന റോഡ്രിഗസ്, 2016 മുതൽ ക്രിസ്റ്റ്യാനോയുടെ പങ്കാളിയാണ്.

ഈ തമാശക്കഥ പ്രസ് റൂമിൽ ചിരിപടർത്തിയെങ്കിലും, തന്റെ പ്രായത്തെയും കളിയിലെ മികവിനെയും വിരമിക്കലിനെയും കുറിച്ച് ആവർത്തിച്ചു ചോദിച്ച മാധ്യമപ്രവർത്തകർക്കെതിരെ റൊണാൾഡോ രൂക്ഷമായി പ്രതികരിച്ചു. കഴിഞ്ഞ 23 വർഷമായി തന്നെ മാനസികമായി തകർക്കാൻ വിമർശകർ ശ്രമിക്കുകയാണെന്ന് താരം തുറന്നടിച്ചു. തന്റെ വിധി നിശ്ചയിക്കുന്നത് താൻ മാത്രമാണെന്നും സ്വന്തം തീരുമാനപ്രകാരം മാത്രമേ വിരമിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!