രാജ്യത്ത് ഇപ്പോള്‍ ഏകാധിപത്യം, കര്‍ഷകരെ ആസൂത്രിതമായി ആക്രമിച്ച് കൊലപ്പെടുത്തി- രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേഡിയിൽ കർഷകരെ ആസൂത്രിതമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവിടുത്തെ സാഹചര്യം മനസ്സിലാക്കാനും കർഷകരുടെ കുടുംബങ്ങളെ പിന്തുണയ്ക്കാനുമായി രണ്ടു മുഖ്യമന്ത്രിമാർക്കൊപ്പം താൻ ഇന്ന് ലഖിംപുർ ഖേഡി സന്ദർശിക്കുമെന്നും രാഹുൽ പറഞ്ഞു. മേഖലയിൽ 144 പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മൂന്നുപേർക്കേ അവിടേക്ക് പോകാനാവൂ. അതിനാലാണ് മൂന്നുപേർ പോകുന്നത്. ഞങ്ങൾക്ക് അവിടെ പോവുകയും ജനങ്ങളെ പിന്തുണയ്ക്കുകയും വേണം. എന്തുകൊണ്ടാണ് ഞങ്ങളെ മാത്രം തടയുന്നത്- രാഹുൽ ആരാഞ്ഞു.
രാജ്യത്ത് നിലവിൽ ഏകാധിപത്യമാണെന്നും രാഹുൽ ആരോപിച്ചു. മുൻപ് രാജ്യത്ത് ജനാധിപത്യമുണ്ടായിരുന്നു. ഇന്ന് ഏകാധിപത്യമാണ്. സർക്കാർ കർഷകരെ അപമാനിക്കുകയാണ്. ലഖിംപുറിൽ പ്രവേശിക്കുന്നതിൽനിന്ന് പ്രതിപക്ഷ നേതാക്കളെ വിലക്കുന്നു. ഏകാധിപത്യത്തിൽ ഇതൊക്കെയാണ് സംഭവിക്കുന്നത്- രാഹുൽ കൂട്ടിച്ചേർത്തു.
കർഷകരെ ജീപ്പുകൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. അവരെ കൊലപ്പെടുത്തിയതാണ്- രാഹുൽ പറഞ്ഞു. കേന്ദ്രമന്ത്രിയുടെയും മകന്റെയും പേര് ഈ സംഭവവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നുണ്ട്. ഇന്നലെ പ്രധാനമന്ത്രി ലഖ്നൗ സന്ദർശിച്ചു. എന്നാൽ അദ്ദേഹം ലഖിംപുർ ഖേഡിയിൽ സന്ദർശനം നടത്തിയില്ലെന്നും രാഹുൽ പറഞ്ഞു. ഇത് കർഷകർക്കു നേരെയുള്ള ആസൂത്രിതമായ ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

