വീട്ടിലിരുന്ന മൊബൈൽ ഫോൺ കാണാനില്ല; വിളിച്ചപ്പോൾ ബെല്ലടിച്ചത് തെങ്ങിൻ മുകളിൽ

കാസർകോട് ∙ കുരങ്ങു ശല്യം സഹിക്കാൻ കഴിയാതെ തെങ്ങുകൾ മുറിച്ചു മാറ്റിയ ഒരു കർഷകനുണ്ട് കാസർകോട്ട്: മുളിയാർ കുട്ടിയാനത്തെ എം.ഗോപിനാഥൻ നമ്പ്യാർ.സംരക്ഷിത വനത്തോടു ചേർന്നാണ് ഇദ്ദേഹത്തിന്റെ തോട്ടം. രാവിലെ കൂട്ടമായി എത്തുന്ന കുരങ്ങുകൾ നേരം ഇരുട്ടും വരെ തോട്ടത്തിൽ വിഹരിക്കും. ഇതോടെ ഒറ്റ തേങ്ങ പോലും കിട്ടാതായി. തെങ്ങിനു വളമിടാനും മറ്റും പണം ചെലവാക്കുന്നതു മാത്രം മിച്ചം. അധികൃതരോട് പരാതി പറഞ്ഞു മടുത്തപ്പോൾ അദ്ദേഹം മനസില്ലാ മനസ്സോടെ ഒന്നു തീരുമാനിച്ചു, തെങ്ങുകൾ മുറിച്ചു മാറ്റുക. അങ്ങനെ 40 വർഷത്തിലേറെ പ്രായമുള്ള 44 തെങ്ങുകൾ മുറിച്ച് അവിടെ റബർ നട്ടു. ആ റബർ മരങ്ങളിൽ കഴിഞ്ഞ വർഷം ടാപ്പിങ് തുടങ്ങി.

കോരിക്കാറിൽ നാട്ടുകാർക്കു ശല്യമായ കുരങ്ങുകളിലൊന്ന്.
തെങ്ങുകൾ മുറിച്ചിട്ടും കുരങ്ങ് ശല്യം മാത്രം കുറഞ്ഞില്ല.അതിർത്തിയിലുള്ള ഇദ്ദേഹത്തിന്റെ തെങ്ങുകൾ ഇല്ലാതായതോടെ മറ്റു പറമ്പുകളിലേക്കായി ശല്യം. ഇദ്ദേഹം മാത്രമല്ല, സംരക്ഷിത വനമേഖലകളുള്ള പഞ്ചായത്തുകളിലെ കർഷകർ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതമാണിത്.കാട്ടാനകളും കാട്ടുപോത്തുകളും വർധിച്ചതോടെ കുരങ്ങു ശല്യത്തെക്കുറിച്ച് ആരും അധികം പറയുന്നില്ലെന്നു മാത്രം.

കൊട്ടോടി മഞ്ഞങ്ങാനത്തെ കോടോത്ത് മാധവൻ നായരുടെ തെങ്ങിൻ തോപ്പിൽ കുരങ്ങുകൾ കരിക്കുകൾ നശിപ്പിച്ച നിലയിൽ.
നശിപ്പിക്കാൻ രാവിലെ എത്തും
കാടും നാടും ഇടകലർന്നു നിൽക്കുന്ന സാഹചര്യമാണു ജില്ലയിൽ. കാസർകോട് വന്യമൃഗശല്യം രൂക്ഷമാകാനുള്ള പ്രധാന കാരണവും ഇതു തന്നെ. കാടുകൾ മുഴുവൻ തേക്കും അക്കേഷ്യയും ആയതോടെ വന്യമൃഗങ്ങൾക്ക് അവിടെ തീറ്റ കിട്ടുന്നതു കുറഞ്ഞു. ഇതോടെയാണ് ഇവ നാട്ടിലേക്ക് ഇറങ്ങാൻ തുടങ്ങിയതെന്നു കർഷകർ പറയുന്നു. കൂട്ടമായിട്ടാണു കുരങ്ങുകൾ പറമ്പുകളിലെത്തുക. അഞ്ചോ പത്തോ അല്ല, അൻപതും നൂറും വലിയ കൂട്ടങ്ങൾ. തെങ്ങ്, വാഴ തുടങ്ങിയവയാണു പ്രധാന ലക്ഷ്യം. ചെറിയ തെങ്ങിൻ തോട്ടങ്ങൾ ആണെങ്കിൽ വൈകിട്ട് ആകുമ്പോഴേക്ക് ഒരു മച്ചിങ്ങ പോലും ബാക്കിയുണ്ടാവില്ല. ഒരു തോട്ടം കഴിഞ്ഞാൽ അതിനടുത്ത തോട്ടത്തിലേക്ക് ഇവ പായും. അങ്ങനെ വനാതിർത്തി മാറി നഗരത്തോടു ചേർന്നു കിടക്കുന്ന സ്ഥലങ്ങളിൽ പോലും കുരങ്ങുകൾ ഇപ്പോൾ കർഷകരുടെ ഉറക്കം കെടുത്തുകയാണ്.
പടക്കവും ഏശുന്നില്ല
തോക്ക് പോലെ തോന്നിപ്പിക്കുന്ന എന്തെങ്കിലും കയ്യിലെടുത്താൽ പോലും കുരങ്ങുകൾ പേടിച്ച് ഓടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, അസ്സൽ തോക്ക് കാണിച്ചാൽ പോലും ഇപ്പോൾ കാര്യമില്ലെന്നതാണു സ്ഥിതി. ഉന്നം പിടിക്കുന്നതല്ലാതെ വെടി വയ്ക്കില്ലെന്ന് ഇവയ്ക്കു മനസ്സിലായതുപോലെയാണ് പെരുമാറ്റം. ഏറു പടക്കവും ഇപ്പോൾ ഏശാതായി. കല്ലെറിഞ്ഞാലോ ബഹളം വച്ചാലോ ആരോഗ്യവും ശബ്ദവും പോകുമെന്നല്ലാതെ കുരങ്ങുകൾ പിന്മാറില്ല.
തെങ്ങിൻ മുകളിൽ മൊബൈൽ ഫോൺ
കൃഷി നശിപ്പിക്കുക മാത്രമല്ല, വീടുകൾക്ക് അകത്തു കയറിയും ഇപ്പോൾ കുരങ്ങുകൾ ശല്യം ചെയ്തു തുടങ്ങി. വീട്ടുകാരുടെ കണ്ണു തെറ്റിയാൽ ഇവ വീടിനുള്ളിൽ കയറും. ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകുകയും ചെയ്യും. ചില കുരങ്ങുകൾ വീട്ടിനുള്ളിൽ നാശവും വിതയ്ക്കും. ഉണക്കാനിട്ട വസ്ത്രങ്ങൾ മരത്തിനു മുകളിലോ കാടുകളിലോ കൊണ്ടിട്ട ഒട്ടേറെ സംഭവങ്ങളുണ്ട്. അഡൂരിൽ ഒരു വീട്ടിൽ മൊബൈൽ ഫോൺ കാണാതായതിനെ തുടർന്ന് വിളിച്ചു നോക്കിയപ്പോൾ ബെല്ലടിച്ചത് തൊട്ടടുത്ത തെങ്ങിന്റെ മുകളിൽ നിന്ന്! ഒരു കുരങ്ങ് ഒപ്പിച്ച വിദ്യയാണ്.
കൂടു വച്ചിട്ടും ഫലം കണ്ടില്ല
കുരങ്ങു ശല്യം നിയന്ത്രിക്കാൻ അവയെ കൂടു വച്ചു പിടികൂടാൻ വനം വകുപ്പ് തയാറായെങ്കിലും അതു വേണ്ടത്ര വിജയം കണ്ടില്ല. കുരങ്ങിനെ ഭക്ഷണ സാധനങ്ങൾ വച്ച് ആകർഷിച്ച് കൂട്ടിലാക്കിയ ശേഷം ഉൾക്കാട്ടിൽ വിടാനായിരുന്നു തീരുമാനം. പക്ഷേ, കൂട്ടിലേക്കു കുരങ്ങുകൾ ആകർഷിക്കപ്പെടാത്തതും ഈ വിദ്യയിൽ പരിശീലനം ലഭിച്ചവരുടെ എണ്ണക്കുറവും ഇതിനു തടസ്സമായി. പക്ഷേ, ചിലയിടങ്ങളിൽ ചെറിയ തോതിലെങ്കിലും ഇതു വിജയം കണ്ടിട്ടുണ്ട്. അപ്പോഴും കുരങ്ങുകളെ പൂർണമായി തുരത്താൻ വിദ്യയൊന്നും മുന്നിൽ ഇല്ല.
മാർഗം വന്ധ്യംകരണമോ?
വന്ധ്യംകരണമാണ് കുരങ്ങു ശല്യം നിയന്ത്രിക്കാനുള്ള മറ്റൊരു മാർഗമായി ഉയർന്നു വന്നിട്ടുള്ളത്. വയനാട്ടിൽ ഉൾപ്പെടെ അതു പരീക്ഷിച്ചെങ്കിലും വെറ്ററിനറി സർജന്മാരുടെയും ലാബുകളുടെയും കുറവ് ഇതു പ്രാവർത്തികമാക്കുന്നതിനു തടസ്സമാണ്. കുരങ്ങുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചെന്ന വസ്തുത വനം വകുപ്പ് സമ്മതിക്കുന്നുണ്ട്. പക്ഷേ, അതിനു പരിഹാര മാർഗം അവരും നിർദേശിച്ചിട്ടില്ല.
ഇഷ്ടം ഇളനീർ
കാസർകോട് ജില്ലയിലെ രാജപുരത്തെ കർഷകൻ കൊട്ടുപ്പള്ളി ജോയിക്ക് കോഴിമുള്ള്, രാജപുരം പ്ലാന്റേഷൻ അതിർത്തികളിൽ തെങ്ങിൻ തോട്ടമുണ്ട്. ഇവിടെ കുരങ്ങുകൾ കരിക്കുകൾ പൂർണമായും നശിപ്പിക്കുന്നു. കൊട്ടോടി മഞ്ഞങ്ങാനത്തെ കോടോത്ത് മാധവൻ നായരുടെ വീടും ഏക വരുമാന മാർഗമായ തെങ്ങിൻ തോട്ടവും പ്ലാന്റേഷൻ തോട്ടത്തിനോടു ചേർന്നാണ്. ഇവിടെയും ഭൂരിഭാഗം തേങ്ങകളും മൂപ്പെത്തുന്നതിനു മുൻപു കുരങ്ങന്മാർ തിന്നു നശിപ്പിക്കും. ഇതോടെ വരുമാനം ഇല്ലാതായി. ആളുകളെ കണ്ടാൽ കുരങ്ങുകൾ ഓടിപ്പോകുമെങ്കിലും ആളൊഴിഞ്ഞാൽ വിണ്ടും തോട്ടത്തിലെത്തും. മൂപ്പെത്താത്ത തേങ്ങകൾ ആണു നശിപ്പിക്കുന്നതിൽ കൂടുതൽ എന്നതിനാൽ ആദായം ഒന്നും തന്നെ ലഭിക്കാത്ത സ്ഥിതിയാണെന്നു കർഷകർ പറയുന്നു.
റബറിനും രക്ഷയില്ല
കിസാൻ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കാസർകോട് കൊട്ടോടി വലിയകടവിലെ എം.കുഞ്ഞമ്പു നായരുടെ റബർ തോട്ടം കുരങ്ങുകളുടെ വിഹാര കേന്ദ്രമാണ്. രാവിലെ ടാപ്പിങ് ചെയ്തു കഴിഞ്ഞാൽ ഉടൻ കുരങ്ങുകൾ തോട്ടത്തിൽ എത്തി ചിരട്ടയിൽ നിന്നു പാൽ തട്ടി മറിക്കും. ദിവസവും 2 ലിറ്ററോളം പാലാണു കുരങ്ങുകൾ ഇങ്ങനെ മറിച്ചു കളയുന്നത്. മഴക്കാലത്തു ടാപ്പിങ് നടത്താനായി മരങ്ങളിലിട്ട റെയിൻ ഗാർഡ് വലിച്ച് കീറുന്നതും പതിവാണ്. കുരങ്ങുകൾ മൂലമുണ്ടാകുന്ന കൃഷി നാശത്തിനുള്ള നഷ്ടപരിഹാരവും യഥാസമയം ലഭിക്കുന്നില്ലെന്നു കർഷകർ പറയുന്നു
ഇടയിലക്കാട് കാവിലെ വാനരക്കൂട്ടം
ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്ന ഇടയിലക്കാട് കാവിലെ വാനരക്കൂട്ടം സമീപകാലം വരെ ശല്യക്കാരല്ലായിരുന്നു. നാട്ടുകാരോട് ഏറ്റവും അടുത്ത് ഇടപഴകി കഴിഞ്ഞിരുന്ന നാൽപതോളം കുരങ്ങുകൾ അടുത്തകാലത്തു പരിസരവാസികൾക്കു ശല്യമായി തീരുന്നുവെന്നാണു പരാതി. തെങ്ങിൽ കയറി നാളികേരവും ഇളനീരും നശിപ്പിക്കുന്നതാണ് ‘ഇവരുടെ’ അതിക്രമം.ചിലർ ഇതു സംബന്ധിച്ചു പരാതിയും നൽകി. ഇവിടെയുളള വാനരക്കൂട്ടത്തിനു പതിവായി ഭക്ഷണം നൽകിയിരുന്നത് ഒരു കുടുംബമായിരുന്നു.

മുളിയാർ ബാവിക്കരയിലെ ഇ.പവിത്ര സാഗറിന്റെ തെങ്ങിൻ തോട്ടത്തിലെ തേങ്ങകൾ കുരങ്ങുകൾ നശിപ്പിച്ച നിലയിൽ.
എന്നാൽ ഇതിനെതിരെയും വനംവകുപ്പിനു പരാതി വന്നതോടെ അതു നിർത്തി. വാനരക്കൂട്ടത്തിന്റെ അതിക്രമം വർധിച്ചത് ഇതോടെയാണെന്നും ചിലർ വാദിക്കുന്നു.ആവശ്യമായ പഴവർഗങ്ങൾ കാവിനകത്തു നിന്നു ലഭിക്കാത്തതു വാനരൻമാരെ പ്രകോപിതരാക്കിയെന്നാണു പരാതി. വനംവകുപ്പ് ഇതിനു പരിഹാരം കാണണമെന്നും ജനങ്ങളുമായി വളരെ അടുത്ത് ഇടപഴകിയ കുരങ്ങുകൾ എങ്ങനെയാണു ശല്യക്കാരായി മാറിയതെന്നും ഇതിനു പരിഹാരമെന്തെന്നും അധികാരികൾ പഠനം നടത്തണം എന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
മട്ടുപ്പാവ് കൃഷിക്കും പച്ചക്കറികൾക്കും ഭീഷണി
കാട്ടിൽ വെളളവും ഭക്ഷണവും കിട്ടാതെയാണു കുരങ്ങുകൾ ജനവാസ മേഖലകളിലേക്ക് വ്യാപകമായി ഇറങ്ങുന്നതെന്നാണു വിലയിരുത്തൽ. കാർഷിക വിളകൾക്കും മട്ടുപ്പാവ് കൃഷികൾക്കും കുരങ്ങുകൾ കടുത്ത ഭീഷണി ഉയർത്തുകയാണ്. വാഴ, കപ്പ, ചക്ക തുടങ്ങിയ ഫലങ്ങളും പറിച്ചു നശിപ്പിക്കുന്നു. വീടിനുള്ളിൽ വരെ കടന്നെത്തി ശല്യക്കാരായി മാറുന്നതിനു പുറമേ പലയിടത്തും വാനരൻമാർ അക്രമകാരികളായി മാറിയ സംഭവങ്ങളും ഉണ്ട്. കുരങ്ങു ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ ഇവയെ പിടികൂടാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാർ പറയുന്നത്. കല്ലെറിഞ്ഞാൽ പോലും ഭയക്കാത്ത ഇവയെ പ്രതിരോധിക്കാൻ ചിലയിടങ്ങളിൽ കർഷകർ എയർഗൺ, പിവിസി പൈപ്പ് കൊണ്ടുള്ള തോക്ക് എന്നിവയും ഉപയോഗിക്കുന്നു. ഇതുകൊണ്ടും പേടിച്ചു പിന്മാറാത്ത വാനരന്മാരും ഉണ്ടെന്നാണ് പറയപ്പെടുന്നത്.
കുട്ടികൾക്കും ഭയം
3 കുരങ്ങൻമാരുടെ ശല്യം ബദിയടുക്ക പള്ളത്തടുക്ക കോരിക്കാർ നിവാസികൾ സഹിക്കാൻ തുടങ്ങിയിട്ട് 15 ദിവസങ്ങളായി. കുരങ്ങൻമാർ ഒന്നിച്ചും ഒറ്റയ്ക്കും എത്തി വിളകൾ നശിപ്പിക്കുന്നു. പ്രദേശത്തെ വീട്ടു പരിസരങ്ങളിലും വീടിന്റെ മുകൾ ഭാഗങ്ങളിലും ഇവ കയറുന്നു. ഇതുകാരണം ഇവിടുത്തെ വീടുകളിലെ കുട്ടികൾ പുറത്തിറങ്ങാൻ തന്നെ മടിക്കുകയാണ്. സന്ധ്യയ്ക്കു ശേഷമേ ഇവ മടങ്ങൂ. മദ്രസ – സ്കൂൾ വിദ്യാർഥികളും പേടിച്ചിരിക്കുകയാണ്. വനം വകുപ്പിന്റെ ഇടപെടലിലൂടെ മാത്രമേ ഈ ഭയം മാറ്റാൻ കഴിയൂ എന്നു മുതിർന്നവർ പറയുന്നു.
മടങ്ങിയെത്തുന്ന ശല്യം
കാസർകോട് ജില്ലയിൽ റാണിപുരം വനാതിർത്തികളിലും പ്ലാന്റേഷൻ തോട്ടങ്ങളോടു ചേർന്നുള്ള കൃഷിയിടങ്ങളിലും കുരങ്ങു ശല്യം കൂടുതലാണ്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് അയറോട്ട് പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ച് പത്തോളം കുരങ്ങുകളെ പിടികൂടിയിരുന്നെങ്കിലും വീണ്ടും ശല്യം രൂക്ഷമായിട്ടുണ്ട്.വനംവകുപ്പ് കൂടു വച്ചു പിടിച്ച കുരങ്ങുകളെ തുറന്നുവിടുന്നത് റാണിപുരം വനമേഖലയിലാണ്. ഇവ വീണ്ടും കൃഷി സ്ഥലത്തേക്കു മടങ്ങിയെത്തുകയാണെന്നു കർഷകർ പറയുന്നു.
പേടിച്ചു പലായനം
കുരങ്ങുകളെ തുരത്താൻ വഴി ഇല്ലാത്തതിനാൽ വസ്തുവകകൾ ഉപേക്ഷിച്ചു സ്ഥലം വിടേണ്ട അവസ്ഥയിലാണു കണ്ണവം വനമേഖലയിലെ ജനങ്ങൾ. പച്ചക്കറി, പഴങ്ങൾ, നാണ്യ വിളകൾ എന്നിവ നശിപ്പിക്കുന്നതു കൂടാതെ വീടിന്റെ ഓടുകളും ടാർപോളിൻ ഷീറ്റുകളും നശിപ്പിക്കുകയാണു ‘വാനര സൈന്യം’. ഓടും ഷീറ്റും പൊളിച്ചും ജനൽ തുറന്നും വീടിനകത്തു കയറുന്ന ഇവ ഭക്ഷണസാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നതും പതിവായിട്ടുണ്ട്.
തടയാൻ ശ്രമിച്ചാൽ അക്രമാസക്തരാകുകയും ചെയ്യും. ഇതോടെ സമാധാനമായി കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയിലാണു ജനങ്ങൾ.കണ്ണവം വനമേഖലയിലെ റോഡുകളിൽ കൂട്ടമായി എത്തുന്ന വാനരന്മാർ കാൽനട, വാഹന യാത്രക്കാർക്കും ഭീഷണിയാകുന്നുണ്ട്. മേഖലയിലെ സ്കൂളുകൾ തുറന്നാൽ കുട്ടികളെ കുരങ്ങുകൾ ആക്രമിക്കുമോ എന്ന ഭയമാണു മാതാപിതാക്കൾക്ക്. കുരങ്ങുകളെ തുരത്താൻ കാര്യമായ നടപടികൾ വനം വകുപ്പിൽ നിന്നുണ്ടാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
കാസർകോട് ജില്ലയിൽ കുരങ്ങു ശല്യം വ്യാപകമായ സ്ഥലങ്ങൾ
∙ കള്ളാർ പഞ്ചായത്തിലെ രാജപുരം, പാലങ്കല്ല്, പൂഞ്ചക്കര, ഓണി, നീലിമല, വണ്ണാത്തിക്കാനം, മഞ്ഞങ്ങാനം, കോഴിമുള്ള്, അഞ്ജനമുക്കൂട്, വലിയകടവ്, കോടോം ബേളൂർ പഞ്ചായത്തിലെ അയറോട്ട്, പാലപ്പുഴ, ഗ്രാഡിപ്പള്ള, ഉമിക്കുപ്പ, കാവുങ്കാൽ, പനത്തടി പഞ്ചായത്തിലെ പുള്ളിക്കല്ല്, മാവുങ്കാൽ, ഗഡിക്കാൽ, നെല്ലിത്തോട്, വട്ടക്കയം, വണ്ണാർകയം, ഓട്ടമല എന്നിവിടങ്ങൾ.
∙ വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളിലെ വനമേഖലയോടു ചേർന്നു കിടക്കുന്ന ഗ്രാമങ്ങൾ. പ്രധാനമായും ചട്ടമല, കമ്മാടം, പെരുമ്പട്ട, ബഡൂർ, കടവത്തുമുണ്ട, കമ്മാടി, പാമത്തട്ട് തുടങ്ങിയ സ്ഥലങ്ങളിൽ.
∙ ദേലംപാടി, മുളിയാർ, കാറഡുക്ക, കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും.
∙ ബദിയടുക്ക പഞ്ചായത്തിലെ പള്ളത്തടുക്ക കോരിക്കാർ പ്രദേശം

