നെടുമ്പാശ്ശേരി അപകടം: സംഭവത്തിന് തൊട്ടുമുമ്പ് മിനി കൂപ്പറിന്റെ വേഗത 162 കിലോമീറ്റര്‍; സ്ഥിരീകരിച്ച് BMW കമ്പനിയുടെ പരിശോധന

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകട കേസില്‍ കാറിന്റെ അമിത വേഗം സ്ഥിരീകരിച്ച് സാങ്കേതിക വിദഗ്ധര്‍. മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ സ്‌കൂട്ടറില്‍ ഇടിക്കുന്നതിന് അഞ്ച് സെക്കന്‍ഡ് മുന്‍പ് മണിക്കൂറില്‍ 162 കിലോമീറ്റര്‍ ആയിരുന്നു വേഗം. ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഒക്ടോബര്‍ 11 ന് പുലര്‍ച്ചെ 1.45ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഒന്നാം പ്രതി സുഹൈല്‍ സജീവ് മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് 3 പേരാണ് മരിച്ചത്. വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സ്വദേശി ഇയാസ് എന്നിവരാണ് സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കാറിടിച്ച് തല്‍ക്ഷണം മരിച്ചത്.
വാഹനം ഓടിച്ച സുഹൈല്‍ സജീവിനെതിരെ നരഹത്യക്കുറ്റവും, കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കെതിരെ പ്രേരണാക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. പ്രതികള്‍ മദ്യപിച്ചിരുന്നതായും അമിത വേഗതയിലായിരുന്നു കാറെന്നും പൊലീസിന്റെയും പ്രോസിക്യൂഷന്റെയും കണ്ടെത്തലിലാണ് വ്യക്തമായത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിക്ക് പിന്നാലെയാണ് എറണാകുളം സെഷന്‍സ് കോടതിയും പ്രതികളുടെ ജാമ്യം നിഷേധിച്ചത്.

