എംഡിഎംഎ കേസിൽ ഡോക്ടർ അറസ്റ്റിൽ; സ്ഥിരം ഉപയോഗം, പിടിയിലായത് എമർജൻസി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ആൾ

വൈത്തിരി: ലക്കിടിയിൽ രണ്ട് തമിഴ്നാട് സ്വദേശികളിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ മലപ്പുറം സ്വദേശിയായ ഡോക്ടർ പിടിയിലായി.
കോഴിക്കോട്ടെ സ്വകാര്യ സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയിൽ എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയായ ഡോ.കെ.എൻ.മുഹമ്മദ് ഫാബിൻ (41) ആണ് പിടിയിലായത്. ഇയാൾ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കാറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.
8.52 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ മാസം 22ന് പന്തല്ലൂർ, എരുമാട് കല്ലെങ്കൽ കെ.ഇ. നൗഫൽ(50), ഗൂഡല്ലൂർ രാജഗോപാലപുരം കെ.എം. മുഹമ്മദ് നഫീസ് (37) എന്നിവരെ വൈത്തിരി പോലീസ് പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെ എംഡിഎംഎ കൊണ്ടുവന്നത് ഡോക്ടർ മുഹമ്മദ് ഫാബിന് വേണ്ടിയാണെന്നും ഇയാളോടൊപ്പം സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും ഇവർ മൊഴി നൽകി.
ലക്കിടിയിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. മയക്കുമരുന്ന് ഉപയോഗത്തിനിടെയായിരുന്നു പോലീസിന്റെ പരിശോധന.
പ്രതികളെ ചോദ്യം ചെയ്യുന്നതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കിടപാടുകളും ഫോൺ സംഭാഷങ്ങളും പരിശോധിച്ച ശേഷമാണ് ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മലപ്പുറം മൊറയൂർ സ്വദേശിയായ ഡോക്ടർ ഫാബിൻ നിലവിൽ കോഴിക്കോട് മുക്കത്താണ് താമസിക്കുന്നത്.
ഡോക്ടർ ഫാബിനും കേസിലെ ഒന്നാം പ്രതിയായ നൗഫലും തമ്മിലുള്ള ഫോൺ കോളുകളും വാട്‌സാപ് ചാറ്റുകളും പണമിടപാട് വിവരങ്ങളും പോലീസ് കണ്ടെത്തി. നർക്കോട്ടിക്ക് സെൽ ആന്റ് ജെന്റർ ജസ്റ്റീസ് ഡിവൈ.എസ്.പി മനോഹരൻ തച്ചമ്പത്തിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വൈത്തിരി സർക്കിൾ ഇൻസ്‌പെക്ടർ പി.ജി.രാംജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫാബിനെ കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് മണാശ്ശേരിയിലെ വാടക വീട്ടിന് സമീപത്തുനിന്ന് വൈത്തിരി പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കൽപ്പറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്ത പ്രതിയെ വൈത്തിരി സബ് ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചു വരികയാണ്.

