KSDLIVENEWS

Real news for everyone

‘ പോകല്ലേ പോകല്ലേ ‘ ; നാട്ടുകാർ പറഞ്ഞതു കേൾക്കാതെ ഗൂഗിൾ മാപ്പ് നോക്കിപ്പോയ കാർ അമ്പലനടയിലൂടെ ഇറങ്ങി

SHARE THIS ON

കോട്ടയം: ഒരു വഴിക്ക് ഇറങ്ങുമ്ബോള്‍ ഗൂഗിള്‍ മാപ്പ് നോക്കി പോകുന്നതാണ് ഇപ്പോഴത്തെ ശീലം. അതാകുമ്ബോള്‍ വഴിയില്‍ ഇടയ്ക്കിടയ്ക്ക് വണ്ടി നിര്‍ത്തി ആളുകളോട് വഴി ചോദിക്കേണ്ട. നാട്ടുകാരോട് വഴി ചോദിച്ചു ചോദിച്ചു പോകാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഗൂഗിള്‍ മാപ്പിനെ മാത്രം ആശ്രയിക്കുന്നവര്‍ പലപ്പോഴും അബദ്ധത്തില്‍ ചെന്നുപെടാറുമുണ്ട്. അങ്ങനെ ഗൂഗിള്‍ മാപ്പ് കൊടുക്കുന്ന എട്ടിന്റെ പണി ഏറ്റു വാങ്ങിയവര്‍ നിരവധിയുണ്ട്. അവരുടെ പട്ടികയിലേക്ക് കോട്ടയത്ത് നിന്ന് രണ്ടു ചെറുപ്പക്കാര്‍ കൂടി എത്തിയിരിക്കുകയാണ്.

കോട്ടയത്ത് പരീക്ഷ എഴുതാന്‍ എത്തിയ പെരുമ്ബാവൂര്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ക്കാണ് ഇത്തവണ ഗൂഗിള്‍ മാപ്പിന്റെ പണി കിട്ടിയത്.
ഗൂഗിള്‍ മാപ്പ് നോക്കി പോയ കാര്‍ ചെന്നുനിന്നത് ഒരു നടയിലാണ്. കാല്‍ നടയാത്രക്കാര്‍ക്ക് മാത്രം പോകാവുന്ന വിധത്തിലുള്ള നടയില്‍. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചരയോടെ തളിയില്‍ക്കോട്ടയ്ക്കു സമീപമാണ് സംഭവം ഉണ്ടായത്. എറണാകുളം ഭാഗത്തേക്ക് പോകുന്നതിനായി ഉപ്പൂട്ടില്‍ക്കവല – തളിയില്‍ക്കോട്ട റോഡിലൂടെ എത്തിയതായിരുന്നു യുവാക്കള്‍. വഴി തെറ്റിയെന്ന് സംശയം തോന്നിയപ്പോള്‍ ഗുഗിള്‍ മാപ്പിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്നുള്ള യാത്ര പൂര്‍ണമായും ഗൂഗിള്‍ മാപ്പ് പറഞ്ഞ വഴിയിലൂടെ ആയിരുന്നു.

അങ്ങനെ മുന്നോട്ട് പോയപ്പോള്‍ തിരുമല വെങ്കിടേശ്വരസ്വാമി ക്ഷേത്രത്തിന് സമീപം കൊശവളവ് ഭാഗത്തേക്ക് കാല്‍നടയാത്രക്കാര്‍ക്ക് മാത്രം പോകാവുന്ന തരത്തിലുള്ള വഴി കണ്ടു. ഇതിലൂടെ കാര്‍ മുന്നോട്ടു പോകുന്നത് കണ്ട നാട്ടുകാര്‍ നടയുണ്ടെന്ന് വിളിച്ച്‌ പറഞ്ഞെങ്കിലും കാറിന്റെ ഗ്ലാസ് ഇട്ടിരുന്നതിനാല്‍ കേട്ടില്ല. താമസിയാതെ തന്നെ വഴി നടയിലേക്ക് എത്തുകയും കാര്‍ നടയിലൂടെ നിരങ്ങി ഇറങ്ങുകയും ചെയ്തു.

നടകള്‍ കണ്ടപ്പോള്‍ പെട്ടെന്നു തന്നെ വാഹനം നിര്‍ത്താന്‍ നോക്കിയെങ്കിലും കാര്‍ നടയിലൂടെ നിരങ്ങി നീങ്ങുകയായിരുന്നു. കാറിനും യാത്രക്കാര്‍ക്കും പ്രശ്നങ്ങളില്ല. രാത്രി ക്രയിന്‍ ഉപയോഗിച്ച്‌ കാര്‍ പുറത്തെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!