അശ്ലീല സൈറ്റില്‍ യുവതിയുടെ ഫോട്ടോ വന്ന സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഡി.ജി.പിയുടെ നിര്‍ദേശം

തിരുവനന്തപുരം: അശ്ലീല സൈറ്റില്‍ യുവതിയുടെ ഫോട്ടോ വന്ന സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ഡി.ജി.പി യുടെ നിര്‍ദേശം.പൊലീസ് ഹെഡ് കോര്‍ട്ടേഴ്സ് സ്പെഷ്യല്‍ സെല്‍ എസ്പിക്കാണ് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍കാട്ടാക്കട എസ്.എച്ച്.ഒക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും യുവതി പരാതി നല്‍കിയിരുന്നു. ഫോട്ടോയും ഫോണ്‍ നമ്ബറും അശ്ലീല വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചെന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
ആറു ദിവസത്തിനു ശേഷമാണ് യുവതിയുടെ മൊഴിയെടുത്തത്. യുവതിയെയും ഫോട്ടോ അപ്ലോഡ് ചെയ്ത യുവാവിനെയും വിളിച്ചുവരുത്തി തിരുവനന്തപുരം കാട്ടാക്കട സി.ഐ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആക്ഷേപം. സി.ഐക്കെതിരെ കാട്ടാക്കട സ്വദേശിയായ യുവതി തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് പരാതി നല്കി.
കഴിഞ്ഞ ജനുവരി 25 മുതലാണ് യുവതിയുടെ നമ്ബറിലേക്ക് കോളുകള്‍ വരാന്‍ തുടങ്ങിയത്. ആദ്യം കാര്യമായി ഗൗനിച്ചില്ല. എന്നാല്‍, വിദേശരാജ്യങ്ങളില്‍ നിന്നടക്കം ഇടതടവില്ലാതെ വിളികളും സന്ദേശങ്ങളും വന്നതോടെയാണ് കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്. പിന്നീട് അന്വേഷിച്ചപ്പോള്‍ കോളുകള്‍ വരുന്ന വഴി മനസിലായി. രാജ്യത്ത് നിരോധിച്ച അശ്ലീല വെബ്സൈറ്റില്‍ യുവതിയുടെ പേരും ഫോട്ടോയും നമ്ബരുമടക്കം പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
തുടര്‍ന്ന് യുവതി കാട്ടാക്കട പൊലീസില്‍ പരാതി നല്കി. വാട്സ്ആപ്പ് ഗ്രൂപ്പില്‍നിന്നാണ് ചിത്രം ചോര്‍ന്നതെന്നും ഒരാളെ സംശയമുണ്ടെന്നും പൊലീസിനെ അറിയിച്ചു. പിന്നാലെ ചിത്രം ചോര്‍ത്തിയ സഹപാഠിയായ യുവാവും കുടുംബാംഗങ്ങളും യുവതിയുടെ വീട്ടിലെത്തി കുറ്റം സമ്മതിക്കുകയും മാപ്പുനല്‍കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരെയും വിളിപ്പിച്ച എസ്.എച്ച്.ഒ യുവതിയോട് ഒത്തുതീര്‍പ്പാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പോയപ്പോള്‍ എടുത്ത ചിത്രമാണ് മുന്‍വൈരാഗ്യത്തിന്റെ പേരില്‍ പ്രതി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത്.

