കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; 22,40,000 രൂപയുടെ ക്രമക്കേട്

തിരുവനന്തപുരം: കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഫ്ലാറ്റ്, ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 22,40,000 രൂപയുടെ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയെന്നാണ് പ്രാഥമിക വിവരം.
ഫെബ്രുവരിയിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. സബ് രജിസ്ട്രാർ അവധിയായിരുന്ന സമയത്ത് ചുമതല ജൂനിയർ സൂപ്രണ്ടിനായിരുന്നു. ഈ സമയത്ത് ഇയാൾ സ്വകാര്യ ഫ്ലാറ്റ് കമ്പനിയിൽ നിന്ന് അഞ്ച് അപ്പാർട്ട്മെന്റുകൾ വാങ്ങിയതിന് ഒരു ശതമാനം മാത്രം നികുതി ചുമത്തിക്കൊണ്ട് പതിപ്പിച്ചു നൽകിയെന്നാണ് പരാതി.
സബ് രജിസ്ട്രാർ അവധിയിലായിരിക്കുമ്പോൾ ജൂനിയർ സൂപ്രണ്ടിന് ഇത്തരത്തിൽ പതിച്ചുനൽകുന്നതിന് അനുമതിയില്ല. ഇതെല്ലാം മറികടന്നായിരുന്നു ജൂനിയർ സൂപ്രണ്ടിന്റെ നടപടി. കണക്കിൽപ്പെടാത്ത 5,550 രൂപയും പരിശോധനയിൽ കണ്ടെടുത്തു. നിലവിൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. വിജിലൻസ് അന്വേഷണവുമായി മുന്നോട്ട് പോകുമെന്നാണ് വിവരം.