ഹിന്ദി ഹിന്ദുക്കളുടേതും ഉര്‍ദു മുസ്ലീങ്ങളുടേതുമെന്ന വിഭജനം കൊളോണിയല്‍ ശക്തികളുടേത് – സുപ്രീംകോടതി

ന്യുഡല്‍ഹി: ഉറുദു ഭാഷ ജനിച്ചത് ഇന്ത്യയില്‍ ആണെന്നും, അതിനെ ഏതെങ്കിലുമൊരു മതവുമായി ബന്ധപ്പെടുത്തുന്നത് തെറ്റാണെന്നും സുപ്രീംകോടതി.
മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കൗണ്‍സില്‍ കെട്ടിടത്തിലെ സൈൻ ബോർഡില്‍ ഉറുദു ഭാഷ ഉപയോഗിക്കുന്നതിനെതിരായ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി. ഭാഷ സംസ്കാരം ആണെന്നും അത് ജനങ്ങളെ വിഭജിക്കാനായി ഉപയോഗിക്കുന്നത് തെറ്റാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ പാടൂർ മുനിസിപ്പല്‍ കെട്ടിടത്തിലെ ഉറുദു ബോർഡുകള്‍ക്ക് എതിരായ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രസ്താവം. പാടൂർ മുനിസിപ്പാലിറ്റിയുടെ മുൻ കൗണ്‍സിലർ വർഷാതായ് സഞ്ജയ് ബഗാഡെയാണ് ഉറുദു ബോർഡുകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ബോർഡുകള്‍ മറാഠി ഭാഷയില്‍ മാത്രമേ പാടുള്ളു എന്നായിരുന്നു വർഷാതായ് സഞ്ജയ് ബഗാഡെയുടെ വാദം. എന്നാല്‍ ഭരണഘടനയില്‍ മറാഠിക്കും, ഉറുദുവിനും ഒരേ സ്ഥാനമാണ് ഉള്ളതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഉറുദു ഉപയോഗിക്കാൻ പാടില്ലെന്ന ഉത്തരവ് പുറപ്പെടുവിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. കൊളോണിയല്‍ ശക്തികള്‍ മതഭിന്നത ഉണ്ടാക്കാൻ ഉറുദുവിനേയും, ഹിന്ദിയേയും മതത്തിന്റെ പേരില്‍ വിഭജിക്കാൻ ശ്രമിച്ചുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹിന്ദിയെ ഹിന്ദുക്കളുടെ ഭാഷയെന്നും, ഉറുദു മുസ്ലിങ്ങളുടെ ഭാഷയെന്നും പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത് യാഥാർത്ഥ്യം അല്ലെന്ന് ജസ്റ്റിസ് മാരായ സുധാൻഷു ധുലിയ, കെ വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. പേർഷ്യൻ ഭാഷയുമായി സാമ്യമുള്ള ഉറുദു വിദേശ ഭാഷ ആണെന്ന തെറ്റായ കാഴ്ചപ്പാട് ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് തെറ്റാണ്. ഹിന്ദിയും, മറാഠിയും പോലെ ഇൻഡോ ആര്യൻ ഭാഷയാണ് ഉറുദു എന്നും അത് ഇന്ത്യയില്‍ ജനിച്ച ഭാഷ ആണെന്നും കോടതി വ്യക്തമാക്കി.

