KSDLIVENEWS

Real news for everyone

മോദി ഗുരുഭൂതന്‍: ഹജ്ജ് ക്വാട്ട കൂട്ടാന്‍ യുഎഇ ഷെയ്ഖിനെ വിളിച്ചാവശ്യപ്പെട്ടു- അബ്ദുള്ളക്കുട്ടി

SHARE THIS ON

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യവിശ്വാസികള്‍ക്ക് ഗുരുഭൂതനാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എ.പി.അബ്ദുള്ളക്കുട്ടി. ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ പങ്കെടുത്ത കോഴിക്കോട് നടന്ന ബിജെപി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് നയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു.


ഇതിനിടെ ഇന്ത്യയിലെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി യുഎഇ ഷെയ്ഖിനെ വിളിച്ചാവശ്യപ്പെട്ടുവെന്ന അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന പലരും ഏറ്റുപിടിച്ചു. ചില ട്രോളുകള്‍ക്കും പ്രസ്താവന വിഷയമായി. ‘സൗദിയിലെ മക്കയില്‍ നടക്കുന്ന ഹജ്ജ് കര്‍മ്മത്തിനു വേണ്ടി യുഎഇ ഷെയ്ഖിനെ വിളിച്ച് എണ്ണം കൂട്ടാന്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍’ എന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി.സിദ്ദീഖ് പരിഹസിച്ചു.

നരേന്ദ്ര മോദി ഓരോ വിഷയത്തിലും ശരിയായ ഇടപെടുന്ന പ്രധാനമന്ത്രിയാണ്. മുസ്ലിം സമുദായത്തിലെ ഹജ്ജില്‍ പോലും അദ്ദേഹം ഇടപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കാലത്ത് ഗുഡ് വില്‍ ഡെലിഗേഷന്‍ എന്നുപറഞ്ഞ് ഒരു വിമാനം നിറയെ എംഎം ഹസ്സനെ പോലുള്ള ആളുകളെ സര്‍ക്കാര്‍ ചെലവില്‍ ഏറ്റവും അവസാനത്തെ വിമാനത്തില്‍ പോകും. എന്നിട്ട് ഏറ്റവും ആദ്യത്തെ വിമാനത്തില്‍ തിരിച്ചുവരും. കോടിക്കണക്കിന് രൂപ ചെലവാക്കി കൊണ്ട് കോണ്‍ഗ്രസ് നടപ്പാക്കിയ ഹറാമായ ഹജ്ജ് അവസാനിപ്പിച്ച നേതാവാണ് നരേന്ദ്ര മോദിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സര്‍ക്കാരിന്റെ പണം കട്ടുമുടിച്ച് പോകുന്ന ഹജ്ജ് ഹലാലല്ല. അത് ഹറാമാണെന്ന് സത്യവിശ്വാസികളെ പഠിപ്പിച്ച ഗുരുഭൂതനാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!