KSDLIVENEWS

Real news for everyone

അന്ന് ഇന്ദിര, ഇന്ന് മോദി; പഞ്ചാബ് പ്രവിശ്യയുടെ ഹൃദയഭാഗം ആക്രമിച്ചത് 54 വർഷങ്ങൾക്ക് ശേഷം

SHARE THIS ON

ഏപ്രിൽ 22-നാണ് ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ ആ ഭീകരസംഭവത്തിന് കശ്മീർ താഴ്വര സാക്ഷിയായത്. അവധിയാഘോഷിക്കാനും കശ്മീരിന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കാനും രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിനോദസഞ്ചാരികൾ കുടുംബസമേതം അന്ന് പഹൽഗാമിലെത്തിയിരുന്നു. മനോഹരമായ ഓർമകളുമായി തിരിച്ചുപോകേണ്ടിയിരുന്ന ആ സാധാരണക്കാരെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. ഭീകരർ 26 പേരുടെ ജീവനെടുത്തു. ഇവരിൽ പലരും വെടിയേറ്റ് വീണത് ഉറ്റവരുടെ കണ്മുന്നിലായിരുന്നു.

പാകിസ്താൻ പിന്തുണയോടെ ലഷ്‌കറെ തൊയ്ബ എന്ന ഭീകരസംഘടനയാണ് അതിന് പിന്നിലെന്ന് കണ്ടെത്താൻ ഇന്ത്യൻ അന്വേഷണ ഏജൻസികൾ അധികസമയം വേണ്ടിവന്നില്ല. ഈ കൊടുംക്രൂരതയ്ക്ക് രാജ്യം നൽകുന്ന മറുപടിക്കു കാത്തിരിക്കുകയായിരുന്നു ഇന്ത്യക്കാർ. പഹൽഗാമിലെ കൂട്ടക്കുരുതി നടന്ന് രണ്ടാഴ്ച പിന്നിടുമ്പോൾ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ഇന്ത്യൻ സേനകൾ സംയുക്തമായി തകർത്തു. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന ദൗത്യത്തിലൂടെ. പാകിസ്താനിലെ സാധാരണക്കാരെയോ പാക് സൈനിക കേന്ദ്രങ്ങളെയോ ഉന്നംവെയ്ക്കാതെ, ഭീകരരെ അവരുടെ താവളങ്ങളിൽവെച്ച് തീർക്കുകയെന്ന ഇന്ത്യയുടെ തീരുമാനമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ നടപ്പാക്കിയത്.

പാകിസ്താനിലും പാക് അധീന കശ്മീരിലുമായുള്ള മുസാഫറബാദ്, കോട്‌ലി, ബഹാവൽപുർ, മുരീദ്‌കെ, റവാലകോട്ട്, ഭിംബർ, ചക്‌സ്വാരി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇന്ത്യയുടെ സൈനികാക്രമണം. ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവൽപുരിലെ ‘മർക്കസ് സുബഹാനള്ള ക്യാമ്പസ്’, ലഷ്‌കർ ആസ്ഥാനമായ മുരീദ്‌കെയിലെ ‘മർക്കസ് തൊയ്ബ’, ഹിസ്ബുൾ ക്യാമ്പായ സിയാൽകോട്ടിലെ ‘മെഹ്‌മൂന ജോയ’ എന്നിവയെല്ലാം ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂറി’ൽ ചാരമായി. 25 മിനിറ്റോളം നീണ്ടുനിന്ന ആക്രമണത്തിൽ സ്‌കാൾപ്(സ്‌റ്റോം ഷാഡോ) മിസൈലുകളും ഹാമ്മർ ബോംബുകളും ഭീകരകേന്ദ്രങ്ങൾക്കെതിരേ പ്രയോഗിച്ചു. ‘ഓപ്പറേഷൻ സിന്ദൂറി’ന് പിന്നാലെ പാകിസ്താനിലെ ഈ ഭീകരകേന്ദ്രങ്ങളുടെ ഉപഗ്രഹചിത്രങ്ങളും അവിടങ്ങളിൽ ബോംബ് വർഷിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും സേന പുറത്തുവിട്ടിരുന്നു.

ബംഗ്ലാദേശിന്റെ പിറവി

പാകിസ്താന്റെ ഹൃദയഭാഗത്തുള്ളവ ഉൾപ്പെടെ പഞ്ചാബ് പ്രവിശ്യയിലെ തീവ്രവാദ ക്യാമ്പുകൾ ആക്രമിച്ചതിനാലാണ് ഓപ്പറേഷൻ സിന്ദൂർ ഏറെ വ്യത്യസ്തമാകുന്നത്. 1971-ലെ യുദ്ധത്തിനുശേഷം പാകിസ്താൻ പഞ്ചാബിലെ മർമ്മപ്രദേശങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തുന്നത് ഇതാദ്യമാണ്. ഇന്ത്യക്കെതിരേ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തോടെയാണ് 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന് തുടക്കമാകുന്നത്. കിഴക്കൻ പാക് മണ്ണിലെ അസ്വാരസ്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യ യുദ്ധത്തിന് തയ്യാറെടുക്കുന്നതിനിടെ ആയിരുന്നു പാകിസ്താന്റെ പ്രകോപനം. ലോകത്തിൽ തന്നെ ഏറ്റവും ദൈർഘ്യം കുറഞ്ഞ യുദ്ധങ്ങളിൽ ഒന്നായിരുന്നു 1971-ലേത്. വെറും 13 ദിവസം മാത്രം നീണ്ടുനിന്ന യുദ്ധത്തിൽ ഇന്ത്യൻ സൈന്യം വിജയംകൊയ്തു.

കിഴക്കൻ പാകിസ്താനിൽ ഇന്ത്യൻ പതാക പാറിപ്പറന്നു. പാക് ജനറൽ അമീർ അബ്ദുള്ള ഖാൻ നിയാസിയുടെ നേതൃത്വത്തിലുള്ള 93,000 പാക് സൈനികർ അന്ന് ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങി. ഡിസംബർ 16-ന് കിഴക്കൻ പാകിസ്താനെ സ്വതന്ത്രമാക്കിക്കൊണ്ട് പാകിസ്താന്റെ കിഴക്കൻ സൈന്യനേതൃത്വം ഒപ്പുവച്ച “ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടർ” എന്നറിയപ്പെടുന്ന ഉടമ്പടിയോടുകൂടി യുദ്ധത്തിനു വിരാമമായി. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. ഇതോടെ, കിഴക്കൻ പാകിസ്താൻ ബംഗ്ലാദേശായി. പഴുതടച്ച നയതന്ത്ര നീക്കങ്ങളിലൂടെ ബംഗ്ലാദേശ് വിമോചനത്തിന് വഴിതെളിച്ച ഇന്ദിരയെ അന്ന് ലോകം അഭിനന്ദിച്ചു. യു.എസ്. അടക്കമുള്ള ലോകരാഷ്ട്രങ്ങൾ കണ്ണടച്ച് നോക്കിനിന്ന ചോരക്കളിക്ക് കൂടിയായിരുന്നു ഇന്ദിര അന്ന് അന്ത്യംകുറിച്ചത്.

ഭീകരരെ മാത്രം ലക്ഷ്യമിട്ട ‘ഓപ്പറേഷൻ സിന്ദൂർ’

അതീവ ജാഗ്രതയോടെ കൃത്യമായ നിരീക്ഷണങ്ങൾക്കൊടുവിലായിരുന്നു ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് ഇന്ത്യ തിരിച്ചടി നൽകിയത്. തിരിച്ചടി എങ്ങനെ വേണമെന്ന് ചർച്ചചെയ്യാനായി പലതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേൃത്വത്തിലുള്ള സംഘം വിവിധ സേനാ മേധാവിമാരുമായി പലതവണ ചർച്ച നടത്തി. ഡൽഹിയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തിരിച്ചടിക്കാൻ സൈന്യത്തിന് പ്രധാനമന്ത്രി പൂർണസ്വാതന്ത്ര്യം നൽകി. രീതിയും ലക്ഷ്യവും സമയവും സൈന്യത്തിന് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

‘റോ’ ഉൾപ്പെടെയുള്ള ഇന്റലിജൻസ് സംവിധാനങ്ങൾ നടത്തിയ കൃത്യമായ നിരീക്ഷണത്തിലാണ് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സേനകൾ തിരഞ്ഞെടുത്തതും പാകിസ്താനിലെ ഈ ഭീകരകേന്ദ്രങ്ങളായിരുന്നു. പാക് ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവയുടെ പ്രധാന ക്യാമ്പുകളായ ഒമ്പത് കേന്ദ്രങ്ങളാണ് ഇന്ത്യൻ സേന ലക്ഷ്യമിട്ടത്. പഹൽഗാമിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട ഇന്ത്യൻ സ്ത്രീകളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരും ഈ ദൗത്യത്തിന് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് സുപ്രധാന സൈനിക ദൗത്യത്തിന് പേര് നിർദേശിച്ചതെന്നാണ് റിപ്പോർട്ട്.

സാധാരണ ജനങ്ങൾക്ക് അപകടമുണ്ടാക്കാത്ത രീതിയിലാണ് ഓപ്പറേഷൻ സിന്ദൂർ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് സേനയ്ക്ക് വേണ്ടി വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും പറഞ്ഞു. ആക്രമണത്തിനുവേണ്ട ആയുധങ്ങൾ പോലും തിരഞ്ഞെടുത്തത് സാധാരണക്കാരെ ഇത് ബാധിക്കാതിരിക്കാനാണ്. പാകിസ്താന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടില്ല. അതീവസൂക്ഷ്മതോടെ പാക് ഭീകരകേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇനി പാകിസ്താന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും രീതിയിലുള്ള പ്രകോപനമുണ്ടായാൽ അതിനും കനത്ത തിരിച്ചടി നൽകുമെന്നും എല്ലാ തയ്യാറെടുപ്പുകളും സേന നടത്തിയിട്ടുണ്ടെന്നും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!