KSDLIVENEWS

Real news for everyone

കരിപ്പൂർ അപകടത്തിന് ഇന്ന് ഒരാണ്ട്; പൂർണ നഷ്ടപരിഹാരം ലഭിച്ചത് 79 പേർക്കുമാത്രം

SHARE THIS ON

കരിപ്പൂർ:കോഴിക്കോട് വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിനു ശനിയാഴ്ച ഒരാണ്ട്. അപകടത്തിന്റെ ഇരകൾക്കുള്ള നഷ്ടപരിഹാരം ഇതുവരെ പൂർണമായും വിതരണം ചെയ്തിട്ടില്ല. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരുടെ ചികിത്സ പൂർത്തിയാകാത്തതും എയർ ഇന്ത്യ എക്സ്പ്രസ് നൽകിയ സമ്മതപത്രം പലരും തിരിച്ചുനൽകാത്തതുമാണ് നഷ്ടപരിഹാര വിതരണം പൂർത്തിയാവാത്തതിന് കാരണം.

പരിക്കേറ്റവരിൽ 28 പേർ അമേരിക്കയിലെയും മരിച്ച 28 പേരുടെ ബന്ധുക്കളും പരിക്കേറ്റവരുമുൾപ്പെടെ 43 പേർ ദുബായിലും കൂടുതൽ തുക നഷ്ടപരിഹാരം കിട്ടുന്നതിനായി നിയമസ്ഥാപനങ്ങളെ സമീപിച്ചിട്ടുണ്ട്. ഇതും സമ്മതപത്രം തിരിച്ചേൽപ്പിക്കുന്നത് വൈകിക്കുന്നു. 30 പേർ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.


79 പേർക്കായി 65.5 കോടി രൂപ ഇതിനകം എയർ ഇന്ത്യ എക്സ്പ്രസ് അവസാന നഷ്ടപരിഹാരമായി നൽകി. യാത്രക്കാരും വിമാന ജീവനക്കാരുമടക്കം 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിനു ഒരുവർഷം പൂർത്തിയാകുമ്പോഴും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആശ്വാസധനം ലഭ്യമായില്ലെന്നും യാത്രക്കാർ പറയുന്നു.

2020 ഓഗസ്റ്റ് ഏഴിനാണ് ദുബായിൽനിന്നു കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നത്. 21 പേർ മരിച്ചു. 92 പേർക്ക് ഗുരുതര പരിക്കേറ്റു. 73 പേർക്ക് നിസ്സാര പരിക്കും. പരിക്കേറ്റവരിൽ ഏഴരക്കോടി രൂപവരെ നഷ്ടപരിഹാരം ലഭിച്ചവരുണ്ട്.


അപകടം നടന്നയുടനെ 15 പേർക്ക് 10 ലക്ഷം രൂപ വീതവും നാലുപേർക്ക് അഞ്ചുലക്ഷം രൂപവീതവും നൽകി. ഗുരുതര പരിക്കേറ്റ 92 പേർക്ക് രണ്ടുലക്ഷം വീതം നൽകി. നിസ്സാര പരിക്കേറ്റ 73 പേർക്ക് 50,000 രൂപ വീതവും എയർ ഇന്ത്യ നൽകി.

കേന്ദ്ര വ്യോമയാന മന്ത്രിയുടെ പ്രഖ്യാപനമനുസരിച്ചാണ് തുക വിതരണം ചെയ്തത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 21 ആശുപത്രികളിൽ അപകടത്തിൽപ്പെട്ടവരുടെ ചികിത്സയ്ക്കായി 4.83 കോടി രൂപ കമ്പനി മുടക്കി. അടിയന്തരസഹായമായി രണ്ടുലക്ഷം രൂപ എയർ ഇന്ത്യ നൽകിയെങ്കിലും അവസാന നഷ്ടപരിഹാരത്തിൽനിന്ന് ഈ തുക തിരികെവാങ്ങാൻ ഇരകളിൽനിന്നു സമ്മതപത്രം വാങ്ങിയിട്ടുണ്ട്. സമ്മതപത്രം നൽകാത്തവരുമായി എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ട് മുഖാമുഖം നടത്തിവരുന്നുമുണ്ട്. ഇതുവരെ 128 മുഖാമുഖം നടന്നു.

അതേസമയം നഷ്ടപരിഹാരം സംബന്ധിച്ച കേസുകൾ ദുബായ്, അമേരിക്ക എന്നിവിടങ്ങളിലെ നിയമ ഏജൻസികളെ ഏൽപ്പിച്ച യാത്രക്കാർക്ക് വൻ ബാധ്യതയാണ് വന്നത്. രാജ്യത്തെ അഭിഭാഷകർ ആറുമുതൽ 10 ശതമാനംവരെ മാത്രം കമ്മിഷൻ ഈടാക്കുമ്പോൾ ഇവിടങ്ങളിൽ കേസ് നടത്തുന്ന കോർപ്പറേറ്റുകൾ 50 ശതമാനം കമ്മിഷൻ ആവശ്യപ്പെടുന്നതായി അറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!