KSDLIVENEWS

Real news for everyone

പോലീസിനെ ആക്രമിച്ച് സോനുവിന്റെ സംഘം, വെടിയുതിര്‍ത്ത് ബിഹാര്‍ പോലീസ്; പിടികൂടിയത് അതിസാഹസികമായി

SHARE THIS ON

കൊച്ചി: മാനസയെ കൊലപ്പെടുത്താൻ രഖിലിന് തോക്ക് നൽകിയ ആളെ പോലീസ് സംഘം പിടികൂടിയത് അതിസാഹസികമായി. ബിഹാർ സ്വദേശിയായ സോനുകുമാർ മോദി(21)യെയാണ് ബിഹാർ പോലീസിന്റെ സഹായത്തോടെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ബിഹാറിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങി. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച രാവിലെയോ ഇയാളെ കൊച്ചിയിലെത്തിക്കുമെന്നാണ് പ്രാഥമികവിവരം.

മാനസയെ വെടിവെച്ച് കൊല്ലാനായി രഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽനിന്നാണെന്ന് പോലീസിന് നേരത്തെ വ്യക്തമായിരുന്നു. തുടർന്നാണ് കോതമംഗലം എസ്.ഐ. മാഹിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം ബിഹാറിലേക്ക് അന്വേഷണത്തിനായി പുറപ്പെട്ടത്. രഖിൽ ബിഹാറിൽ താമസിച്ചയിടങ്ങളും സഞ്ചരിച്ച സ്ഥലങ്ങളിലും പോലീസ് സംഘം വിശദമായ അന്വേഷണം നടത്തി. ഇവിടെനിന്നാണ് സോനുകുമാർ മോദിയെക്കുറിച്ച് സൂചന ലഭിച്ചത്.


ബിഹാർ പോലീസിന്റെ സഹായത്തോടെയാണ് സോനുകുമാർ മോദിയെ പോലീസ് സംഘം പിടികൂടിയത്. കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോൾ സോനുവിന്റെ സംഘം ചെറുത്തുനിൽപ്പിന് ശ്രമിച്ചതായും പോലീസിനെ ആക്രമിച്ചതായും വിവരമുണ്ട്. തുടർന്ന് ബിഹാർ പോലീസ് ഇവർക്ക് നേരേ വെടിയുതിർത്താണ് സോനുവിനെ സാഹസികമായി പിടികൂടിയതെന്നും വിവരങ്ങളുണ്ട്.

AlsoRead: നാടൻ തോക്ക് മുതൽ എകെ-47 വരെ, ഒട്ടേറെ നിർമാണശാലകൾ; രഖിലിന്റെ തോക്ക് മുംഗറിൽനിന്നോ?


ബിഹാറിലെ മുംഗർ സ്വദേശിയാണ് സോനുകുമാർ മോദിയെന്നാണ് പ്രാഥമികവിവരം. കള്ളത്തോക്ക് നിർമാണത്തിലൂടെ കുപ്രസിദ്ധി നേടിയ ബിഹാറിലെ സ്ഥലമാണ് മുംഗർ. രഖിൽ ബിഹാറിലേക്ക് യാത്രചെയ്തെന്ന വിവരം ലഭിച്ചപ്പോൾ തന്നെ മുംഗറിൽനിന്നായിരിക്കും തോക്ക് വാങ്ങിച്ചതെന്ന് അന്വേഷണസംഘത്തിന് സംശയമുണ്ടായിരുന്നു.

രഖിലിന് തോക്ക് നൽകിയ ആളെ കണ്ടെത്തിയതോടെ മാനസ കൊലക്കേസിൽ നിർണായകഘട്ടം പിന്നിട്ടതായാണ് പോലീസിന്റെ വിലയിരുത്തൽ. ഇനി രഖിലിന് തോക്ക് ഉപയോഗിക്കാൻ പരിശീലനം ലഭിച്ചോ, കൂടുതൽ പേരുടെ സഹായം ലഭിച്ചോ തുടങ്ങിയ കാര്യങ്ങളാണ് അറിയാനുള്ളത്. ഇതിനിടെ, സോനുവിനെ രഖിലിന് പരിചയപ്പെടുത്തിനൽകിയത് ഒരു ടാക്സി ഡ്രൈവറാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാളെ കണ്ടെത്താനും അന്വേഷണം തുടരുകയാണ്.

ജൂലായ് 30-നാണ് കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിലെ ബി.ഡി.എസ്. വിദ്യാർഥിനിയായ കണ്ണൂർ നാറാത്ത് സ്വദേശി മാനസയെ രഖിൽ വെടിവെച്ച് കൊലപ്പെടുത്തിയത്. മാനസ താമസിക്കുന്ന വീട്ടിലെത്തിയ രഖിൽ പെൺകുട്ടിയെ വെടിവെച്ച് കൊന്നശേഷം സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. കണ്ണൂർ മേലൂർ സ്വദേശിയാണ് രഖിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!