ജലീലിന്റെ പാണക്കാട് മുഹബ്ബത്ത് തിരിച്ചറിയാനുളള വിവേകമൊക്കെ സമൂഹത്തിനുണ്ട്; മറുപടിയുമായി പിഎംഎ സലാം

മലപ്പുറം: ലീഗിന്റെ കാര്യം ലീഗ് നേതൃത്വം നോക്കിക്കോളാമെന്നും മറ്റാരും അതിൽ ഇടപെടേണ്ടെന്നും ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ചായക്കോപ്പയിലെ കൊടുങ്കാറ്റാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.
കുഞ്ഞാലിക്കുട്ടി സംസാരിച്ച ശബ്ദരേഖ പുറത്തുവരണമെങ്കിൽ ഒന്നുകിൽ ഇ.ഡി കൊടുക്കണം. അല്ലെങ്കിൽ കുഞ്ഞാലിക്കുട്ടി കൊടുക്കണം. കുഞ്ഞാലിക്കുട്ടി ജലീലിന് കൊടുക്കില്ല. പിന്നെ ഇ.ഡിയിൽ നിന്ന് കിട്ടണം. ഇ.ഡിയും ജലീലും തമ്മിൽ അടുത്തകാലത്തായി നല്ല ബന്ധമാണ്. അർധരാത്രിയിൽ തലയിൽ മുണ്ടിട്ടൊക്കെയാണ് ജലീൽ ഇ.ഡിയെ കാണാൻ കുറേ തവണ പോയിട്ടുള്ളത്. ആ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ശബ്ദരേഖ ഇ.ഡി കൊടുത്തിട്ടുണ്ടാവുമെന്നും സലാം പ്രതികരിച്ചു.
മുസ്ലീം ലീഗിലെ ആഭ്യന്തര കാര്യങ്ങളിൽ ഏതെങ്കിലും പാർട്ടീ ഓഫീസിന്റെ വരാന്തയിൽ നിൽക്കുന്നവർ ഇടപെടേണ്ടതില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും അദ്ദേഹം വ്യക്തമാക്കി
.പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനും തീരുമാനമെടുക്കാനുമുളള ശക്തമായ നേതൃത്വമുളള പ്രസ്ഥാനമാണ് മുസ്ലീം ലീഗ്.”പാണക്കാട് നിന്ന് റസീത് മുറിച്ചിട്ടല്ല മന്ത്രിയായത്” എന്ന് വീമ്പിളക്കിയവരുടെ ഇപ്പോഴത്തെ ”പാണക്കാട് മുഹബ്ബത്ത്” തിരിച്ചറിയാനുളള വിവേകമൊക്കെ സമൂഹത്തിനുണ്ട്. ഇത്തരക്കാരുടെ ഉപദേശങ്ങൾ ചെവി കൊള്ളേണ്ട ഗതികേട് ഒരു കാലത്തും മുസ്ലീം ലീഗിനുണ്ടായിട്ടില്ല.ഉണ്ടാവുകയുമില്ല.-അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈൻ അലി തങ്ങൾക്കെതിരേ നടപടിയുണ്ടാകുമെന്നുറപ്പായിരിക്കെ, മുഈൻ അലിയുടെ വക്കാലത്തും കൊണ്ട് വരാൻ കെ ടി ജലീൽ ആരാണെന്ന് പിഎംഎ സലാം നേരത്തെ ചോദ്യമുന്നയിച്ചിരുന്നു.
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ മുഈൻ അലി തങ്ങൾക്കെതിരെ നടപടി എടുത്താൽ, വലിയ വില നൽകേണ്ടി വരുമെന്നാണ് കെ.ടി ജലീൽ പറഞ്ഞത്.
സൂക്ഷിച്ചു കളിച്ചാൽ കുഞ്ഞാലിക്കുട്ടിക്ക് കൊള്ളാം, ശബ്ദരേഖ പുറത്ത് വിടും; വെല്ലുവിളിയുമായി ജലീൽ
ഇഡിയുമായി ബന്ധപ്പെട്ട വിഷയം കുഞ്ഞാലിക്കുട്ടി തന്നെ പാണക്കാട് കുടുംബത്തിലെ പലരുമായും സംസാരിച്ചിട്ടുണ്ടെന്ന് നേരത്തെ കെടി ജലീൽ പറഞ്ഞിരുന്നു. ഇതിന്റെ ശബ്ദരേഖകൾ അറ്റകൈക്ക് പുറത്തുവിടേണ്ടി വന്നാൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും. എല്ലാ കാര്യങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്താൽ കുഞ്ഞാലിക്കുട്ടിക്ക് നല്ലതാണ്. പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്നാണ് വിചാരമെങ്കിൽ ആ വിചാരം തെറ്റാണ്. 2006-ൽ സംഭവിച്ചതിനപ്പുറം കാര്യങ്ങൾ നീങ്ങും. എല്ലാം കാത്തിരുന്ന് കാണാമെന്നായിരുന്നു ജലീൽ ശനിയാഴ്ച രാവിലെ പ്രതികരിച്ചത്.

