KSDLIVENEWS

Real news for everyone

സിക്കിമിലെ മിന്നൽപ്രളയം: മരണം 40; സൈനിക ഉപകരണങ്ങൾ ഒലിച്ചുപോയെന്ന് അധികൃതർ

SHARE THIS ON

ഗാങ്ടോക്ക്∙ മേഘസ്ഫോടനത്തെ തുടർന്ന് സിക്കിമിലുണ്ടായ മിന്നൽപ്രളയത്തില്‍ ഇതുവരെ ഏഴു സൈനികർ ഉൾപ്പെടെ 40 പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെയുണ്ടായ പ്രളയത്തിൽ കുടുങ്ങിയ ആയിരങ്ങൾക്കായി സൈന്യത്തിന്റെ രക്ഷാപ്രവർത്തനം തുടരുന്നു. ലാച്ചെനിലും ലാച്ചുങ്ങിലും മൂവായിരത്തോളം പേർ കുടുങ്ങിക്കിടക്കുകയാണ്. കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.  തോക്കുകളും സ്‌ഫോടക വസ്തുക്കളും ഉൾപ്പെടെയുള്ള സൈനിക ഉപകരണങ്ങൾ ടീസ്റ്റ നദിയിൽ ഒലിച്ചുപോയതായി അധികൃർ അറിയിച്ചു. നദിയിലും പരിസരത്തും ‘അപരിചിതമായ വസ്തുക്കളെ’ കുറിച്ച് അറിയിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ‘‘പ്രളയത്തെത്തുടർന്ന്, തോക്കുകളും സ്ഫോടകവസ്തുക്കളും ഉൾപ്പെടെയുള്ള ചില സൈനിക ഉപകരണങ്ങൾ ടീസ്റ്റ നദിയിൽ ഒഴുകിപോയി. ജനങ്ങൾ ജാഗ്രത പാലിക്കാനും അപരിചിതമായ വസ്തുക്കളോ, പെട്ടികളോ, പൊതികളോ, തോക്കുകളോ അല്ലെങ്കിൽ സംശയാസ്പദമായ എന്തെങ്കിലും വസ്തുക്കളോ കണ്ടെത്തിയാൽ സമീപത്തെ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം’’– മുന്നറിയിപ്പില്‍ പറയുന്നു. നദിയുടെ തീരത്തുടനീളം സൈന്യം നിരീക്ഷക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തലസ്ഥാനമായ ഗാങ്ടോകിൽനിന്നു 30 കിലോമീറ്റർ അകലെയുള്ള പാക്യോങ് സേനാ ക്യാംപിലെ സൈനികരാണ് ഒഴുക്കിൽപെട്ടത്. 23 സൈനികരെ പ്രളയത്തിൽ കാണാതായിരുന്നു. ഒരാളെ രക്ഷപ്പെടുത്തി. സൈനികർക്കായി അധികൃതർ തിരച്ചിൽ തുടരുകയാണ്. സൈനികക്യാംപും സൈനികവാഹനങ്ങളും പ്രളയത്തിൽ മുങ്ങിയിരുന്നു. വടക്കൻ സിക്കിമിലെ മംഗനിലുള്ള ലൊനക് നദീ മേഖലയിൽ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണു മേഘസ്ഫോടനമുണ്ടായത്. ലൊനകിൽനിന്നു ടീസ്റ്റയിലേക്കു വെള്ളമൊഴുകിയതോടെ, ചുങ്‌താങ് ഡാം തുറന്നു. ഇതാണു പ്രളയത്തിനു കാരണമായത്. അതേസമയം, മിന്നൽപ്രളയത്തിൽ ചുങ്‌താങ് ഡാം തകർന്നതിന് കാരണം മുൻ സംസ്ഥാന സർക്കാരുകളുടെ തരംതാഴ്ന്ന നിർമാണം ആണെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ് ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!