ലോകായുക്ത ഓർഡിനൻസ്: ജയിച്ചത് സി.പി.എമ്മിന്റെ രാഷ്ട്രീയതന്ത്രം

തിരുവനന്തപുരം:ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനുള്ള ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം നേടിയതോടെ സർക്കാരിനും സി.പി.എമ്മിനും ആശ്വാസം. ഓർഡിനൻസിന് മന്ത്രിസഭയുടെയും ഗവർണറുടെയും അനുമതി നേടിയെടുക്കുന്നതിൽ സി.പി.എം. കാണിച്ച രാഷ്ട്രീയതന്ത്രം ഏറെ ശ്രദ്ധേയമാണ്.
അഴിമതിക്കെതിരായ നിയമത്തിൽ വെള്ളംചേർക്കുകയെന്നത് സമൂഹത്തിനു ദഹിക്കുന്നതല്ല. ഇതിനൊപ്പം പ്രതിപക്ഷത്തിന്റെ എതിർപ്പും സി.പി.ഐ.യുടെ തള്ളിപ്പറയലും. പക്ഷേ, ഇതിനെയെല്ലാം നിഷ്‌പ്രയാസം മറികടന്ന് ഇടഞ്ഞുനിന്ന ഗവർണറെ ഇണക്കിനിർത്താൻ സി.പി.എമ്മിനായി.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരേ ലോകായുക്തയിൽ പരാതിയുള്ളതാണ് ഓർഡിനൻസിന് കാരണമെന്നായിരുന്നു പ്രതിപക്ഷ വിമർശനം. ഇതിനെ ഭരണഘടനാ വ്യാഖ്യാനം നൽകി മറികടക്കാനും വിവാദങ്ങളിൽനിന്ന് അകലംപാലിക്കാനുമാണ് സി.പി.എം. ശ്രമിച്ചത്. എല്ലാവരിലും ചർച്ച നടക്കട്ടെ എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
എതിർപ്പുമായി സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയതോടെയാണ് പ്രതിസന്ധിയുണ്ടായത്. എന്നാൽ, ഇത് ഏറ്റുപിടിക്കാൻ മുന്നണിയിൽനിന്ന് മറ്റൊരു കക്ഷിയും തയ്യാറായില്ല. സി.പി.ഐ.യെ പ്രകോപിപ്പിക്കാതെ പ്രതിപക്ഷത്തിനുമാത്രം മറുപടി നൽകിയായിരുന്നു സി.പി.എമ്മിന്റെ നീക്കം.
കണ്ണൂർ വി.സി. നിയമന വിഷയത്തിൽ സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണറുടെ മുമ്പിലാണ് ഓർഡിനൻസ് എത്തിയത്. ഗവർണറെ വാക്കുകൊണ്ടുപോലും പിണക്കാതിരിക്കാനുള്ള കരുതൽ പിന്നീട് സി.പി.എം. നേതാക്കൾ കാണിച്ചു.
ലോകായുക്തയുടെ മൂലനിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരമുള്ളതിനാൽ ഭേദഗതിക്കും അത് വേണ്ടിവരുമെന്ന വാദം കുരുക്കായി മാറുമെന്ന ആശങ്ക സി.പി.എമ്മിനുണ്ടായിരുന്നു. ഓർഡിനൻസിൽ ഒപ്പിടാതെ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചാൽ അത് സർക്കാരിനെ ബുദ്ധിമുട്ടിലാക്കും. അതിനാൽ, ഇത്തരമൊരു തീരുമാനത്തിലേക്ക് ഗവർണറെ എത്തിക്കാതിരിക്കാനുള്ള കരുതലാണ് സി.പി.എമ്മും സർക്കാരും സ്വീകരിച്ചത്.
സി.പി.ഐ.യുടെ എതിർപ്പിനെ മറികടക്കാൻ ഇനി സി.പി.എമ്മിന് എളുപ്പമാണ്. ഓർഡിനൻസ് നിലവിൽവന്ന സ്ഥിതിക്ക് എൽ.ഡി.എഫ്. ചർച്ചചെയ്താലും അതിനെ തള്ളിപ്പറയാൻ കഴിയില്ല. ഭേദഗതി ബില്ല് നിയമസഭയിൽ കൊണ്ടുവരുമ്പോൾ എതിർപ്പുള്ള വ്യവസ്ഥയിൽ മാറ്റംവരുത്തണമെന്ന് സി.പി.ഐ.യ്ക്ക് ആവശ്യപ്പെടാം. പക്ഷേ, ബില്ല് വരാൻ കുറഞ്ഞത് ആറുമാസമെങ്കിലും കഴിയും. അതുവരെ സി.പി.ഐ.യെ അനുനയിപ്പിക്കാൻ സമയമുണ്ട്

