KSDLIVENEWS

Real news for everyone

യോഗി സർക്കാറിന് രൂക്ഷ വിമർശം: യു.പിയിൽ നിയമവാഴ്ച പൂർണ്ണമായും തകർന്നുവെന്ന് സുപ്രീംകോടതി

SHARE THIS ON

ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാറിനെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. യുപിയിൽ നിയമവാഴ്ച പൂർണ്ണമായും തകർന്നുവെന്ന് കോടതി വ്യക്തമാക്കി. സിവിൽ കേസുകളിൽ സംസ്ഥാന പോലീസ് എഫ്‌ഐആറുകൾ ഫയൽ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം. ഉത്തർപ്രദേശിൽ നിയമവാഴ്ച പൂർണ്ണമായും തകർന്ന അവസ്ഥയിലാണെന്നും ഒരു സിവിൽ വിഷയത്തെ ക്രിമിനൽ കേസാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തുടർന്ന് ഗൗതം ബുദ്ധ നഗർ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലെ ഡയറക്ടർ ജനറൽ ഓഫ് പോലീസിനും സ്റ്റേഷൻ ഹൗസ് ഓഫീസർക്കും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. ഒരു സിവിൽ തർക്കത്തിൽ ക്രിമിനൽ നിയമം എങ്ങനെയാണ് നടപ്പാക്കിയതെന്ന് വിശദീകരിക്കാനാണ് നിർദേശം.

സിവിൽ കേസുകൾ തീർപ്പാകാൻ കാലതാമസം എടുക്കുന്നതിനാലാണ് എഫ്‌ഐആർ ഫയൽ ചെയ്തതെന്ന് ഒരു അഭിഭാഷകൻ ന്യായീകരിച്ചപ്പോൾ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. ‘യുപിയിൽ സംഭവിക്കുന്നത് തെറ്റാണ്. ദിവസവും സിവിൽ കേസുകൾ ക്രിമിനൽ കേസുകളായി മാറുകയാണ്. ഇത് അസംബന്ധമാണ്, വെറുതെ പണം നൽകാത്തതിനെ ഒരു കുറ്റകൃത്യമായി കണക്കാക്കാനാവില്ല’ -ചീഫ് ജസ്റ്റിസ് പറഞ്ഞു. സിവിൽ കേസുകൾക്ക് കാലതാമസം എടുക്കുന്നതുകൊണ്ട് മാത്രം നിങ്ങൾ ഒരു എഫ്‌ഐആർ ഫയൽ ചെയ്യുകയും ക്രിമിനൽ നിയമം നടപ്പാക്കുകയും ചെയ്യുമോ എന്നും ബെഞ്ച് ചോദിച്ചു.

അലഹബാദ് ഹൈക്കോടതി തങ്ങൾക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കാൻ വിസമ്മതിച്ചതിനെതിരെ ദേബു സിംഗ്, ദീപക് സിംഗ് എന്നിവർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. നോയിഡയിലെ വിചാരണ കോടതിയിലെ ഹർജിക്കാർക്കെതിരായ ക്രിമിനൽ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാൽ അവർക്കെതിരായ ചെക്ക് ബൗൺസ് കേസ് തുടരുമെന്നും കോടതി അറിയിച്ചു.

നോയിഡയിൽ ഇരുവർക്കും എതിരെ ഐപിസി 406 (ക്രിമിനൽ വിശ്വാസലംഘനം), 506 (ക്രിമിനൽ ഭീഷണി), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!