സിംഗപ്പൂരിലെ സ്‌കൂളില്‍ തീപിടിത്തം; ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ മകന് പൊള്ളലേറ്റു, ശ്വാസകോശത്തിനും പ്രശ്‌നം

ഹൈദരാബാദ്: സിംഗപ്പൂരിലുണ്ടായ തീപിടിത്തത്തില്‍ നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ മകന് പൊള്ളലേറ്റതായി റിപ്പോർട്ട്.
സ്‌കൂളിലുണ്ടായ തീപിടിത്തത്തിലാണ് മാർക് ശങ്കറിന് പരിക്കേറ്റത്. കയ്യിലും കാലിലുമുള്ള പൊള്ളല്‍ കൂടാതെ പുക ശ്വസിച്ചതോടെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും നേരിടുന്നുണ്ടെന്നാണ് വിവരം. കുട്ടി ഇപ്പോള്‍ സിംഗപ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഔദ്യോഗിക പരിപാടികളുടെ ഭാഗമായ പവൻ കല്യാണ്‍ ഇപ്പോള്‍ അല്ലൂരി സീതാരാമരാജു ജില്ലയിലാണുള്ളത്. ഇവിടെ ക്ഷേത്രദർശനത്തിന് ശേഷം പവൻ കല്യാണ്‍ സിംഗപ്പൂരിലേക്ക് തിരിക്കും. നേരത്തേ, വിശാഖപ്പട്ടണം സ്റ്റീല്‍ പ്ലാന്റ് സന്ദർശനത്തിന് ശേഷം അടുത്ത മൂന്ന് ദിവസം വിശാഖപ്പട്ടണത്ത് തുടരാനായിരുന്നു പദ്ധതി. എന്നാല്‍, അപ്രതീക്ഷിതമായി മകനുണ്ടായ അപകടത്തെ തുടർന്ന് പരിപാടികള്‍ വെട്ടിച്ചുരുക്കി.
ജന സേനാ പാർട്ടിയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നത് പ്രകാരം, മുൻകൂട്ടി തീരുമാനിച്ച പൊതുപരിപാടികള്‍ അവസാനിപ്പിച്ച് സിംഗപ്പൂരിലേക്ക് മടങ്ങാൻ പവൻ കല്യാണ്‍ തയ്യാറായിരുന്നില്ല. എന്നാല്‍, പാർട്ടി നേതാക്കള്‍ നിർബന്ധിച്ചതോടെയാണ് സിംഗപ്പൂരിലേക്ക് പോകാൻ അദ്ദേഹം തയ്യാറായത്. വരും ദിവസങ്ങളില്‍ കുറച്ച് ആദിവാസി ഗ്രാമങ്ങളില്‍ സന്ദർശനം നടത്താൻ പവൻ കല്യാണ്‍ തീരുമാനിച്ചിരുന്നു. അവിടുത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയാനായിരുന്നു സന്ദർശനമെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പവൻ കല്യാണിന്റെയും മൂന്നാം ഭാര്യ ലെസ്‌നേവയുടെയും മകനാണ് മാർക് ശങ്കർ. 2017ലാണ് മാർക്ക് ജനിച്ചത്. നിലവില്‍ വിദഗ്ദ്ധ ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണ് മാർക്.