താനൂർ ബോട്ടപകടം; ബോട്ടുടമ നാസർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ ഉടമനാസര്‍ അറസ്റ്റില്‍. കോഴിക്കോട് എലത്തൂരില്‍നിന്നാണ് നാസര്‍ പിടിയിലായത്. ഒരു വീട്ടില്‍ ഒളിവിലുണ്ടെന്ന് വിവരം ലഭിച്ചതോടെ പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു.
നാസറിന്റെ ഉടമസ്ഥതിയിലുള്ള കാർ നേരത്തെ കൊച്ചിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കാറിൽ നിന്നും നാസറിന്റെ സഹോദരൻ സലാം, അയൽവാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നും നാസറിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നാസറിനെതിരെ നരഹത്യാ കുറ്റും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മാനദണ്ഡങ്ങൾ ലംഘിച്ചാണ് അറ്റ്‌ലാന്റിക് ബോട്ട് വിനോദയാത്ര നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിൽ അടക്കം പൊലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇൻലാന്റ് നാവിഗേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസൻസ് നമ്പറും ബോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാർ ബോട്ട് ജെട്ടിയിലെ പാലം കത്തിച്ചു. കെട്ടുങ്ങൽ ബീച്ചിലെ താൽകാലിക പാലമാണ് നാട്ടുകാർ കത്തിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് പൂരപ്പുഴയിലെക്ക് സർവീസിനായി ബോട്ട് പുറപ്പെട്ടത്. പുറപ്പെട്ട് ഏതാണ്ട് 200 മീറ്ററുകൾ പിന്നിട്ടശേഷം തന്നെ ബോട്ട് അപകടത്തിൽപെടുകയായിരുന്നു. അനുവദനീയമായ സമയം കഴിഞ്ഞതിന് ശേഷവും ബോട്ട് സർവീസ് നടത്തിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അനധികൃതമായി ബോട്ട് സർവീസ് നടത്തുന്നതിന് പ്രദേശവാസികൾ പൊലീസിൽ കേസ് നൽകിയിരുന്നു.



