കെ.എസ്.ആര്.ടി.സി ജില്ലാ ആസ്ഥാനം കാഞ്ഞങ്ങാട്ടേക്കുതന്നെ മാറ്റിയേക്കും

കാസര്‍കോട്: കെ.എസ്.ആര്.ടി.സിയുടെ ജില്ല ആസ്ഥാനം കാഞ്ഞങ്ങാട്ടേക്കുതന്നെ മാറ്റിയേക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ആസ്ഥാനമാറ്റ ഉത്തരവ് മരവിപ്പിച്ചിട്ടുണ്ടെങ്കിലും റദ്ദാക്കിയിട്ടില്ല. കെ.എസ്.ആര്.ടി.സി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനമാണ് ഉത്തരവായി വന്നിട്ടുള്ളത് എന്നതിനാല്‍ ഉത്തരവ് നടപ്പാക്കണമെന്ന ആവശ്യത്തില്‍ ഭരണപക്ഷ യൂനിയനായ സി.ഐ.ടി.യു ഉള്‍പ്പെടെയുള്ളവര്‍ പിന്നോട്ടുപോയിട്ടില്ല. ഉത്തരവ് നടപ്പാക്കുമെന്ന് സി.ഐ.ടി.യു കേന്ദ്രങ്ങളും വ്യക്തമാക്കി. കാസര്‍കോട് ഡിപ്പോയിലെ ഓഫിസ് കാഞ്ഞങ്ങാട്ടേക്ക് മാറുന്നതോടെ ലഭ്യമാകുന്ന സ്ഥലം വാടകക്ക് നല്കി വരുമാനമുണ്ടാക്കാമെന്നതാണ് ഉദ്ദേശിക്കുന്നത്. അതേസമയം, ഇപ്പോള്‍ തന്നെ കടമുറികള്‍ വാങ്ങാനാളില്ലാത്ത സ്ഥിതികൂടി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സ്ഥലം എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ആസ്ഥാനമാറ്റത്തെ എതിര്‍ത്തത്. ഇത് പരിഹരിക്കാന്‍ കെ.എസ്.ആര്.ടി.സി ഷോപ്പിങ് കോംപ്ലക്സുകളിലെ കടമുറികള്‍ നല്കുന്ന ചട്ടം പരിഷ്കരിക്കുകയാണെന്ന് ഡിപ്പോ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
എറണാകുളത്തും കോഴിക്കോട്ടും കാസര്‍കോട്ടും കടമുറി വാടകക്ക് നല്‍കുന്നത് ഒരേ ചട്ടമനുസരിച്ചാണ്. ഇതാണ് കാസര്‍കോട്ടെ കടമുറികള്‍ വാടകക്ക് നല്കാനാവാതെ പോകുന്നത്. വന്‍തുക ഡെപ്പോസിറ്റും വലിയ വാടകയുമാണ് കാരണം. ഈ രീതി മാറ്റുകയാണ് കെ.എസ്.ആര്.ടി.സി ചെയ്യാന്‍ പോകുന്നത്. സമീപത്തെ വ്യാപാര സമുച്ചയങ്ങളിലെ നിലവിലെ ഏറ്റവും ഉയര്‍ന്ന വാടകയായിരിക്കും കെ.എസ്.ആര്.ടി.സിയിലും നടപ്പില്‍വരുക. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ശേഖരിക്കാന്‍ കെ.എസ്.ആര്.ടി.സി നിര്‍ദേശം നല്‍കിയിട്ടുണ്ട്. താമസിയാതെ ഓരോ ഡിപ്പോക്കും സ്വന്തം നിലയില്‍ മുറിവാടകകള് തീരുമാനിക്കാം. ഇതിനുപിന്നാലെ നഗരത്തില്‍ സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ കെ.എസ്.ആര്.ടി.സി ഷോപ്പിങ് കോംപ്ലക്സിലേക്ക് ക്ഷണിക്കാനും നീക്കമുണ്ട്.
വിദ്യാര്‍ഥികളുടെ കണ്സഷന് കാര്‍ഡ് വിതരണ സ്ഥലത്തിനു മാറ്റമുണ്ടാകില്ല. ഭിന്നശേഷിക്കാര്‍ക്കും നിലവിലെ സ്ഥിതിയില്‍ മാറ്റമുണ്ടാകില്ല എന്നും കെ.എസ്.ആര്.ടി.സി അധികൃതര്‍ പറയുന്നു. എം.എല്‍.എ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാലുടന് ആസ്ഥാനം കാഞ്ഞങ്ങാട്ടേക്ക് മാറ്റുമെന്നാണ് ഡിപ്പോ അധികൃതരുടെ വാദം.

