ലബനൻ ആക്രമണത്തിന് തിരിച്ചടി; ഇസ്രായേലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ടെഹ്റാൻ: ഇസ്രായേലിന് നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലബനൻ തലസ്ഥാനമായ ബെയ്റൂത്ത് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വ്യോമാക്രമണം. ഏപ്രിലിലെ വെടിനിർത്തലിനുശേഷം ആദ്യമായാണ് ഇറാൻ നേരിട്ട് ഇസ്രായേലിനെ ലക്ഷ്യമിടുന്നത്.
ഏകദേശം 10 ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ വിക്ഷേപിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഈ മിസൈലുകളെല്ലാം തങ്ങളുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തകർത്തെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.വരാനിരിക്കുന്ന ഇറാന്റെ തുടർ ആക്രമണങ്ങളെയും മിസൈൽ നീക്കങ്ങളെയും നേരിടാനും ചെറുക്കാനും ഇസ്രായേൽ പൂർണ്ണമായും ഒരുങ്ങിയതായാണ് വിവരം. ആക്രമണം നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും നടന്ന പ്രദേശം, വ്യാപ്തി തുടങ്ങി വിശദവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ഇസ്രായേൽ തുടരുന്ന ലബനൻ ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് പ്രധാന കാരണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ അറിയിച്ചു. മേഖലയിൽ തുടരുന്ന നാവിക ഉപരോധവും ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് കാരണമായതായി ഇറാൻ സ്പീക്കർ ചൂണ്ടിക്കാട്ടി. ഇന്ന് രാത്രി ടെഹ്റാൻ കത്തണമെന്നാണ് ആക്രമണത്തെക്കുറിച്ച് പ്രതികരിച്ച ഇസ്രേൽ മന്ത്രി ഇറ്റ്മർ ബെൻ ഗിവിർ എക്സിൽ കുറിച്ചത്. അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിലാണ്.

