എടുത്താൽ കത്തിക്കും; തട്ടുകട നീക്കാനെത്തിയവർക്ക് മുന്നിൽ യുവാക്കളുടെ ആത്മഹത്യാ ഭീഷണി

കൊച്ചി∙ എറണാകുളം പനമ്പള്ളി നഗറിൽ ‘ഉപ്പും മുളകും’ തട്ടുകടയ്ക്കു മുന്നിൽ കടന്നുപോയത് ഭീതിയുടെ ഒന്നര മണിക്കൂർ. അനധികൃത തട്ടുകട നീക്കാനെത്തിയ കോർപ്പറേഷൻ, ആരോഗ്യ, പൊലീസ് ഉദ്യോഗസ്ഥർക്കു മുന്നിൽ ശരീരമാകെ പെട്രോൾ ഒഴിച്ച് കടയുടെ നടത്തിപ്പുകാരായ രണ്ടു യുവാക്കൾ ആത്മഹത്യാ ഭീഷണി മുഴക്കിയതാണ് ആശങ്ക സൃഷ്ടിച്ചത്. ഇവരുടെ കയ്യിൽ പെട്രോൾ നിറച്ച കന്നാസുകളുമുണ്ടായിരുന്നു. ഒരു ചെറിയ തീപ്പൊരി വൻ അപകടം സൃഷ്ടിക്കുമെന്നിരിക്കെ തടിച്ചുകൂടിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ഓടിയെത്തിയ ഇരുപതിലേറെ വരുന്ന പൊലീസുകാരും പാടുപെട്ടു.

