KSDLIVENEWS

Real news for everyone

ലീഗുമായി തൊട്ടുകൂടായ്മയില്ല; ഏക വ്യക്തിനിയമത്തിൽ കോൺഗ്രസിന് പല നിലപാട്: എം.വി.ഗോവിന്ദൻ

SHARE THIS ON

തിരുവനന്തപുരം∙ മുസ്‍ലിം ലീഗുമായി സിപിഎമ്മിന് യാതൊരുവിധ തൊട്ടുകൂടായ്മയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഏക വ്യക്തിനിയമ വിഷയത്തിൽ യോജിച്ചു പോകാൻ സാധിക്കുന്ന എല്ലാവരുമായും യോജിച്ച് പ്രവർത്തിക്കുമെന്ന് ഗോവിന്ദൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ പ്രശ്നാധിഷ്ഠിതമാണെന്നും രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകൾ മുൻനിർത്തി പാലമിടാനുള്ള ശ്രമമാണ് നടത്തുന്നത് എന്നത് വെറും രാഷ്ട്രീയ ആരോപണം മാത്രമാണ്. ഏക വ്യക്തി നിയമത്തിൽ കോൺഗ്രസിന് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിലപാടുകളാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ‘‘മുസ്‍ലിം ലീഗിനെ സംബന്ധിച്ച് ഞങ്ങളുടെ നിലപാട് വളരെ വ്യക്തമായി പറഞ്ഞല്ലോ. ഞങ്ങൾക്ക് ലീഗിനോട് ഒരു തൊട്ടുകൂടായ്മയുമില്ല. ലീഗ് കൈക്കൊള്ളുന്ന ഏതൊരു ശരിയായ നിലപാടിനെയും ഞങ്ങൾ മുൻപും പിന്തുണച്ചിട്ടുണ്ട്, ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ട്, ഇനിയും പിന്തുണയ്ക്കും. മുന്നണിയിലേക്കു വരണോ എന്ന കാര്യത്തിൽ തീരുമാനം പറയേണ്ടത് ഞാനല്ല. അപ്പുറത്തെ മുന്നണിയിൽ നിൽക്കുന്ന ഒരു പാർട്ടിയെ സംബന്ധിച്ച് ഇപ്പുറത്തു നിൽക്കുന്ന ഞാനാണോ പറയേണ്ടത്? അത് അവർ കൈക്കൊള്ളേണ്ട തീരുമാനമാണ്. രാഷ്ട്രീയ തീരുമാനമാണ്.’ – ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ‘‘ഏക വ്യക്തിനിയമവുമായി ബന്ധപ്പെട്ട് ലീഗിനെ ക്ഷണിച്ചത് പ്രശ്നാധിഷ്ഠിതമായിട്ടാണ്. അല്ലാതെ ഇതിൽ രാഷ്ട്രീയമൊന്നുമില്ല. ഇന്ത്യയിലെ ഭൂരിഭാഗം ആളുകളെയും ബാധിക്കുന്ന ഒരു വിഷയമാണിത്. ഇന്ത്യ നിലനിൽക്കണോ എന്നതാണ് വിഷയം. ഇതിൽ യോജിക്കാവുന്ന മുഴുവൻ ശക്തികളുമായും യോജിച്ച് പ്രവർത്തിക്കും.’ ‘‘കോൺഗ്രസിന് ഏക വ്യക്തിനിയമത്തിന്റെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ദേശീയ തലത്തിൽ ഞങ്ങൾ ഒരേ നിലപാട് സ്വീകരിക്കുന്നു എന്ന് കോൺഗ്രസ് പറഞ്ഞാൽ അവരെയും ഇതിനെതിരായ മുന്നേറ്റത്തിലേക്ക് ക്ഷണിക്കുന്ന കാര്യം ആലോചിക്കും. ഇപ്പോൾ കേരളത്തിൽ ഏക വ്യക്തിനിയമത്തിനെതിരെ സംസാരിക്കാൻ ഞങ്ങൾക്ക് അനുവാദം തന്നിട്ടുണ്ട് എന്നാണ് അവർ പറയുന്നത്. അതായത്, ഛത്തീസ്ഗഡ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് കോൺഗ്രസ് കൈക്കൊണ്ടിട്ടുള്ളത്. അങ്ങനെയുള്ള ഒരു പാർട്ടിയുമായി ചേർന്ന് നമുക്ക് മുന്നോട്ടു പോകാനാകില്ല’ – ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!