റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; വ്യോമഗതാഗതം തടസ്സപ്പെട്ടു

റിയാദ്: സൗദി അറേബ്യൻ തലസ്ഥാനം റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതി വിമതർ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഒഴിഞ്ഞ വിമാനത്തിൽ നിന്ന് പുക ഉയരുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
കിങ് ഖാലിദ് വിമാനത്താവളത്തെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ തൊടുത്തതായും ആക്രമണത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായും ഹൂതി സൈനിക വക്താവ് യഹ്യ സരീ സ്ഥിരീകരിച്ചു. വ്യോമാതിർത്തി പൂർണ്ണമായി അടപ്പിക്കാൻ സൗദിയെ നിർബന്ധിതരാക്കുമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി. അതേസമയം റിയാദ് ലക്ഷ്യമാക്കി എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സേന തകർത്തതായി സൗദി സഖ്യസേന വ്യക്തമാക്കി.
ആക്രമണത്തെ തുടർന്ന് റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും വ്യോമഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെയുണ്ടായ ശക്തമായ സ്ഫോടനങ്ങളെ തുടർന്ന് സൗദി സുരക്ഷയും ജാഗ്രതയും കർശനമാക്കിയിട്ടുണ്ട്. റിയാദിലെ കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ പ്രവർത്തിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനികൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദേശിച്ചിട്ടുണ്ട്. സ്കൂളുകൾക്കും നയതന്ത്ര സ്ഥാപനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
2022-ലെ വെടിനിർത്തൽ കരാറിനുശേഷം യെമനിൽ ശാന്തമായിരുന്ന ആഭ്യന്തര സംഘർഷം വീണ്ടും ശക്തിയാർജിക്കുകയാണ്. ചെങ്കടൽ തീരപ്രദേശങ്ങളിലും തായ്സ് നഗരത്തിന് ചുറ്റും ഹൂതികൾ പോരാട്ടം ശക്തമാക്കിയതോടെ രണ്ട് ലക്ഷത്തോളം ആളുകൾക്ക് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്.

