ഓട്ടോ, കാര്‍, മിനിവാന്‍; ബസിലേക്കെത്താന് ചെറുവാഹനങ്ങള്‍ കെ.എസ്.ആര്.ടി.സി. തന്നെ ഒരുക്കും,

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി ചെറുറോഡുകളില്‍നിന്ന് പ്രധാന പാതകളിലേക്ക് യാത്രക്കാരെ എത്തിക്കാന്‍ ഓട്ടോറിക്ഷകള്മുതല് മിനിവാനുകള്വരെ (സമാന്തരവാഹനങ്ങള്‍) വിന്യസിക്കാന്‍ ഗതാഗതവകുപ്പ് ഒരുങ്ങുന്നു. ഇവയ്ക്ക് പെര്‍മിറ്റ് നല്‍കും. പ്രധാന റോഡുകളിലൂടെ ഓടുന്ന കെ.എസ്.ആര്.ടി.സി. ബസുകള്‍ക്ക് യാത്രക്കാരെ എത്തിക്കുകയും തിരികെ കൊണ്ടുപോകുകയുമാണ് ജോലി. ബസുകള്‍ കടന്നുചെല്ലാന്‍ ബുദ്ധിമുട്ടുള്ള ഇടറോഡുകളില്‍ യോജ്യമായ വാഹനങ്ങള്‍ക്കാണ് അനുമതി. ഓട്ടോറിക്ഷകള്മുതല് 18 സീറ്റുവരെയുള്ള വാഹനങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. കെ.എസ്.ആര്.ടി.സി.ക്ക് കുത്തകയുള്ള ദേശസാത്കൃത റൂട്ടുകളിലേക്കുള്ള ചെറുപാതകളില്‍ അംഗീകൃത സമാന്തരവാഹനങ്ങളുണ്ടാകും. ഇതിനായി പ്രത്യേക വിജ്ഞാപനം ഇറക്കും. നിലവില്‍ പ്രധാന പാതകളില്‍ അനധികൃതമായി ഓടുന്ന സമാന്തരവാഹനങ്ങള്ക്ക് ചെറുറോഡുകളില്‍ അവസരം നല്‍കും. മത്സരം ഒഴിവാക്കാന്‍ പെര്‍മിറ്റ് വ്യവസ്ഥയുണ്ടാകും. കോവിഡ് ലോക്ഡൗണിനുശേഷം പ്രതിസന്ധി നേരിടുന്ന ടാക്സിമേഖലയ്ക്ക് ഇത് ആശ്വാസമാവും.

