KSDLIVENEWS

Real news for everyone

വഖഫ് ബില്‍ മതസ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും എതിര്: എല്ലാ വിഭാഗങ്ങളെയും അവര്‍ തേടിവരും; രാഹുൽ ഗാന്ധി

SHARE THIS ON

അഹമദാബാദ്: പാർലമെന്റ് പാസാക്കിയ വഖഫ് (ഭേദഗതി) ബില്‍ മതസ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും എതിരെന്നു രാഹുല്‍ ഗാന്ധി. എല്ലാ വിഭാഗങ്ങളെയും അവര്‍ തേടിവരും. ഓര്‍ഗനൈസര്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ സ്വത്തുക്കളെപ്പറ്റി ലേഖനമെഴുതിയെന്നും എഐസിസി സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ‘‘ജാതി സെന്‍സസില്‍നിന്ന് പിന്നോട്ടില്ല. ജാതി സെന്‍സസ് നടപ്പാക്കണം. എന്നാല്‍ നരേന്ദ്ര മോദി ഇതിനു തയാറാകുന്നില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്കായി പ്രധാനമന്ത്രി എന്തുചെയ്തു?. തെലങ്കാനയിലെ സര്‍ക്കാര്‍ 42 ശതമാനം സംവരണം നടപ്പാക്കി. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മാതൃക കാട്ടി’’ – രാഹുല്‍ പറഞ്ഞു.

ഭരണഘടനയെ അട്ടിമറിക്കാനും ആക്രമിക്കാനുമുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്നും രാഹുൽ ‌ഗാന്ധി പറഞ്ഞു. ‘‘എതിരാളികളുടെ കൈയിൽ പണവും ശക്തിയുമുള്ളപ്പോൾ ആ നടപടി അത്ര എളുപ്പമാകില്ല. എന്നാൽ സത്യസന്ധത കൊണ്ടും ജനങ്ങളുടെ സ്നേഹം കൊണ്ടും ആ പോരായ്മകളെ മറികടക്കാൻ ശ്രമിക്കും. എല്ലാ സർവകലാശാലകളിലും വൈസ് ചാൻസിലർ പദവിയിൽ ആർഎസ്എസുകാരെ തിരുകി കയറ്റുന്നു. ഈ നീക്കങ്ങളെ ചെറുക്കാൻ കോൺഗ്രസ് പാർട്ടിക്കേ കഴിയൂ’’-രാഹുല്‍ വ്യക്തമാക്കി.

‘‘ആർഎസ്എസ് ആശയങ്ങളോട് കോൺഗ്രസ് പൊരുതും. ആ ആശയങ്ങൾ സ്വാതന്ത്ര്യ സമരത്തിന്റേതല്ല. ഭരണഘടനയെ രാംലീല മൈതാനിയിൽ കത്തിച്ചവരാണ് ആർഎസ്എസുകാർ. അവരുടെ വിശുദ്ധ ഗ്രന്ഥം ഒരിക്കലും ഭരണഘടനയാവില്ല. ഓർഗനൈസർ ലേഖനത്തിലും ഗൂഢലക്ഷ്യങ്ങളുണ്ട്. ജാതി സെൻസസ് നടത്തില്ല എന്ന് മോദി പറയുന്നു. ഓരോ വിഭാഗത്തിൻ്റെയും കൃത്യമായ കണക്കു വേണം. പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി പ്രധാനമന്ത്രി എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം’’- രാഹുൽ ഗാന്ധി തുറന്നടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!