95,000 രൂപയ്ക്ക് വാങ്ങിയ ‘കുഞ്ഞിമരയ്ക്കാർ ശഹീദ്’ ‘അറ്റ്‌ലാന്റിക്’ ആയി; രൂപംമാറ്റിയത് ‘ഡപ്പവള്ളം’

പൊന്നാനി: ‘കുഞ്ഞിമരയ്ക്കാർ ശഹീദ്’ എന്ന മീൻപിടിത്ത ഫൈബർവള്ളം രൂപമാറ്റംവരുത്തിയപ്പോൾ താനൂരിൽ അപകടത്തിൽപ്പെട്ട ‘അറ്റ്‌ലാന്റിക്’ എന്ന ഉല്ലാസ ബോട്ടായി. പൊന്നാനിയിൽ വെച്ചാണ് രൂപംമാറ്റിയത്. ഡിസംബറിൽ താനൂരിലേക്ക് കൊണ്ടുപോയി അവസാനഘട്ട പണികൾ പൂർത്തിയാക്കി. 95,000 രൂപയ്ക്ക് വാങ്ങിയ വള്ളമാണ് എട്ടു ലക്ഷത്തോളം രൂപ ചെലവിട്ട് മാറ്റിയത്.
പാലപ്പെട്ട് അജ്മീർ നഗർ സ്വദേശി ഹംസയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഫൈബർ വള്ളം. പൊന്നാനി സ്വദേശി കബീറാണ് ഇടനിലക്കാരനായി നിന്ന് പണി നടത്തിയിരുന്നത്. ബോട്ടുടമ നാസറും പണി നടക്കുന്ന കേന്ദ്രത്തിലെത്തിയിരുന്നു. ചെറിയ ദൂരത്തിൽപ്പോയി മീൻപിടിക്കുന്നതിനുള്ള ‘ഡപ്പവള്ളം’ എന്ന വിഭാഗത്തിൽപ്പെടുന്നതായിരുന്നു ഇതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. രൂപമാറ്റം വരുത്തിയതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളം രൂപംമാറ്റംവരുത്തി ഉല്ലാസബോട്ട് ആക്കുന്നതിൽ തെറ്റില്ലെന്നാണ് ചീഫ് സർവേയർ പറയുന്നത്.
കാറ്റിൽപറത്തി നിയമം
മീൻപിടിത്തബോട്ടാണ് യാത്രാബോട്ടാക്കി മാറ്റാൻ ഉടമ അപേക്ഷനൽകിയിരുന്നത്. ഇതിനുള്ള നിബന്ധനകൾ പാലിച്ചോ എന്നറിയാൻ മാരിടൈം ബോർഡിന്റെ സർവേയർ ആലപ്പുഴയിൽനിന്നെത്തി പരിശോധനനടത്തിയിരുന്നു. ഇതിൽ ഒട്ടേറെ അപാകം കണ്ടതിനെത്തുടർന്ന് പരിഹരിക്കാൻ നിർദേശംനൽകി.
ഇവ പരിഹരിച്ചതായി കാണിച്ച് വീണ്ടും അപേക്ഷ നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ സർവേയർ വീണ്ടും ബോട്ട് പരിശോധിക്കുകയുംചെയ്തു. ഈ പരിശോധനയുടെ ഫലം വരുംമുമ്പ്, കഴിഞ്ഞമാസം ബോട്ട് സർവീസ് തുടങ്ങി. ആദ്യം അപേക്ഷനൽകി ഫിറ്റനസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ ലഭിച്ച രജിസ്‌ട്രേഷൻ നമ്പർ KIV/BPR/99/23 ബോട്ടിന്റെ യഥാർഥ രജിസ്‌ട്രേഷൻ നമ്പറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉടമ സർവീസ് ആരംഭിച്ചതെന്ന് മാരിടൈം ബോർഡ് പറയുന്നു.
ബോട്ടുടമ താനൂർ പോലീസ്‌സ്റ്റേഷനുസമീപം പി. നാസറിനെ കോഴിക്കോട് ബീച്ചിൽ ആകാശവാണിക്കടുത്തുനിന്ന് താനൂർ പോലീസ് അറസ്റ്റുചെയ്തു. എലത്തൂരിലെ ഒരുവീട്ടിൽനിന്ന് വരുകയായിരുന്നു. ബോട്ടോടിച്ചിരുന്ന താത്കാലിക ഡ്രൈവർ താനൂർ ഒട്ടുംപുറത്തെ വാളപ്പുറത്ത് ദിനേശൻ ഒളിവിലാണ്

