ചെർക്കള-ബേവിഞ്ച ദേശീയപാത തിങ്കളാഴ്ച തുറക്കുമെന്ന് കരാർ കമ്പനി

കാസർകോട് : നിർമാണത്തിനായി അടച്ചിട്ടിരിക്കുന്ന ചെർക്കള-ബേവിഞ്ച ദേശീയപാത തിങ്കളാഴ്ച തുറക്കുമെന്ന് നിർമാണമേറ്റ കരാർ കമ്പനി പ്രതിനിധികൾ ദുരന്തനിവാരണ അതോറിറ്റി ജില്ലാതല യോഗത്തിൽ അറിയിച്ചു. ദേശീയപാത നിർമാണത്തിൽ കഴിഞ്ഞ കാലവർഷത്തിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ടായ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കാൻ കളക്ടർ നിർദേശിച്ചു. ജില്ലയിൽ കാലവർഷത്തിന് മുന്നോടിയായി ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ ഊർജിതമാക്കാനും യോഗം നിർദേശിച്ചു. തദ്ദേശ സ്വയംഭരണം, റവന്യൂ, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകൾ നടത്തുന്ന മുന്നൊരുക്കപ്രവർത്തനങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
മുൻവർഷങ്ങളിൽ കാലവർഷത്തിൽ അപകടമുണ്ടായ മേഖലകളിൽ കാസർകോട്, കാഞ്ഞങ്ങാട് ആർ.ഡി.ഒ.മാർ പരിശോധന നടത്തി നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ നിർദേശം നൽകി. സ്കൂളുകളുടെ ഫിറ്റ്നസ് നൽകുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല യോഗം ചേരും.
മുൻവർഷങ്ങളിൽ പ്രകൃതിദുരന്തങ്ങളുണ്ടായ മേഖലകളിൽ ജാഗ്രത പാലിക്കാനും ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കാനും നടപടി സ്വീകരിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സന്നദ്ധസേനാംഗങ്ങളുടെ സംഘം രൂപവത്കരിക്കും. അവർക്ക് പരിശീലനം നൽകും. അപകട ഭീഷണിയുയർത്തുന്ന മരങ്ങളും പരസ്യ ബോർഡുകളും നീക്കും. റോഡുകളും തോടുകളും ശുചീകരിക്കാനും നടപടി സ്വീകരിക്കും.
കഴിഞ്ഞ കാലവർഷത്തിൽ മണ്ണിടിച്ചിലുണ്ടായ വീരമല കുന്നിൽ പ്രവൃത്തി പൂർത്തീകരിക്കാൻ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് ഉടൻ ഇറങ്ങുമെന്നും അതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പൂർത്തീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ 32 ദുരന്തനിവാരണ പദ്ധതികൾക്ക് 4,16,0000 രൂപ വകയിരുത്തിയിട്ടുണ്ട്. പ്രവർത്തനങ്ങൾ നടപ്പാക്കി വരികയാണെന്നും എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർ അറിയിച്ചു. സ്കൂൾ കെട്ടിടങ്ങളുടെ ക്ഷമത പരിശോധിക്കാൻ പി.ഡബ്ല്യു.ഡി. അസി. എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കെ.എസ്.ഇ.ബി., മോട്ടോർ വാഹനവകുപ്പ്, ഫയർ ആൻഡ് സേഫ്റ്റി, വനം തുടങ്ങിയ വകുപ്പുകളുടെ സേഫ്റ്റി സർട്ടിഫിക്കറ്റ് കൂടി അനിവാര്യമാണ്. ജില്ലയിൽ തീരദേശത്തും മലയോരത്തും കാലവർഷത്തിൽ ദുരന്തസാധ്യതകൾ പരിഗണിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കണം. തൃക്കണ്ണാട്ട് ചെറുകിട ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ കടലേറ്റം തടയാനുള്ള പ്രവൃത്തികൾ ചൊവ്വാഴ്ച ആരംഭിക്കും.
അതിഥിത്തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളും പരിശോധിക്കും. ഫിഷറീസ് വകുപ്പിൽ കൂടുതൽ രക്ഷാപ്രവർത്തകരെ നിയോഗിക്കാനായി കരാർ ക്ഷണിച്ചിട്ടുണ്ട്. ശുചീകരണത്തിനായി എല്ലാ ഓഫീസുകളിൽനിന്നും ഇ-വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കാൻ നിർദേശം നൽകിയതായി യോഗത്തിൽ അറിയിച്ചു. ഇത്തവണ മൺസൂൺ മേയ് 23-ഓടെ കേരളത്തിലെത്താൻ സാധ്യതയുണ്ടെന്നും യോഗം മുന്നറിയിപ്പ് നൽകി.
കളക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, എ.ഡി.എം. കെ.വി.ശ്രുതി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജെയ്സൺ മാത്യു, ഡിവൈ.എസ്.പി. സുനിൽകുമാർ, വിവിധ വകുപ്പ് മേധാവികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ദേശീയപാത അതോറിറ്റി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

