KSDLIVENEWS

Real news for everyone

ഗൂഢാലോചന, കലാപ ശ്രമം; കെ.ടി ജലീലിന്റെ പരാതിയില്‍ സ്വപ്‌നക്കെതിരേ പോലീസ് കേസെടുത്തു

SHARE THIS ON

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരായ കെ.ടി. ജലീല്‍ എം.എല്‍.എ.യുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സ്വപ്‌നയുടെ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് ജലീല്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്‌.

സ്വപ്‌ന സുരേഷും പി.സി. ജോര്‍ജും കേസില്‍ പ്രതികളാകും. 120ബി, 153 വകുപ്പുകള്‍ പ്രകാരം ഗൂഢാലോചനയ്ക്കും കലാപ ശ്രമത്തിനുമാണ് കേസെടുത്തത്. ജലീലിന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകും പ്രത്യേക സംഘം.

രാഷ്ട്രീയമായി തന്നെയും കേരളസര്‍ക്കാരിനെയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും സ്വപ്‌ന അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തെറ്റായ വിവരങ്ങള്‍ പറഞ്ഞ് കലാപത്തിനുള്ള നീക്കമാണ് നടത്തിയെന്നും ജലീല്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് രണ്ട് മാസങ്ങള്‍ക്ക് മുമ്പുതന്നെ പി.സി. ജോര്‍ജിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നും അതിന് തെളിവായി കഴിഞ്ഞ ദിവസം പുറത്തുവന്ന ജോര്‍ജിന്റെ ശബ്ദരേഖയും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വപ്ന ചൊവ്വാഴ്ച നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തും കൂടിക്കാഴ്ച നടത്തിയിരുന്നു. അനില്‍കാന്തിനെ മുഖ്യമന്ത്രി സെക്രട്ടേറിയേറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഈ കൂടിക്കാഴ്ച അവസാനിച്ച് തൊട്ടുപിന്നാലെയാണ് പരാതിയുമായി ജലീല്‍ സ്റ്റേഷനില്‍ എത്തിയത്.

ഇത്തരമൊരു നുണക്കഥ വാര്‍ത്താമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആസൂത്രിതമായ കലാപത്തിനുവേണ്ടിയുള്ള ശ്രമങ്ങളും ഇവര്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ജലീല്‍ പരാതിയില്‍ പറയുന്നു. യു.ഡി.എഫിലും ബി.ജെ.പി.യിലും ഉള്‍പ്പെട്ട യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുകയും പോലീസിനെ ആക്രമിക്കുകയും അതുവഴി നാട്ടിലാകെ സംഘര്‍ഷം വ്യാപിപ്പിക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നതെന്നും പരാതിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!