ബംഗ്ലാദേശ് സ്വദേശിനിയുടെ അറസ്റ്റ്; സഹായം നൽകിയവർ നിരീക്ഷണത്തിൽ, വിവിധ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

കാസർകോട്: വർഷങ്ങളായി കേരളത്തിൽ താമസിച്ചു വരികയായിരുന്ന ബംഗ്ലാദേശ് യുവതി കാഞ്ഞങ്ങാട്ട് പൊലീസ് പിടിയിലായി.
35 വയസ്സുകാരിയാണ് പിടിയിലായത്. ബംഗ്ലാദേശിൽ നിന്നു കൊൽക്കത്തയിൽ എത്തിയ യുവതി ആധാർ കാർഡും പാൻകാർഡും സ്വന്തമാക്കിയ ശേഷമാണ് കേരളത്തിൽ എത്തിയത്. മലപ്പുറത്തു താമസിച്ച് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കറങ്ങി നടക്കുന്ന സ്വഭാവക്കാരിയാണ് യുവതി. യുവതി നേരത്തെ പല തവണ സംശയകരമായ സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ എത്തിയിരുന്നു.
ഇതേ കുറിച്ച് വിശദമായി അന്വേഷിച്ച പൊലീസ് ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിലാണ് യുവതിയെ ഇന്ന് (ചൊവ്വ) ഉച്ചക്ക് കാഞ്ഞങ്ങാട്ട് വച്ച് പിടികൂടിയത്. യുവതിയെ വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്‌തു വരികയാണ്. കേരളത്തിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശികളെ കണ്ടെത്തി തിരിച്ചയക്കുന്നതിനായി സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട്ടും പൊലീസ് തെരച്ചിൽ നടത്തി യുവതിയെ പിടികൂടിയത്.

