അതിര്‍ത്തി കടന്ന് ആഞ്ഞടിക്കാൻ ‘തൂഫാൻ’, ദക്ഷിണേന്ത്യൻ ഡിജിപിമാര്‍ കേരളത്തിലേക്ക്; തിരുവനന്തപുരത്ത് നാളെ നിര്‍ണായക യോഗം

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടക്കുന്ന യോഗം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തില്‍ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം കുറിക്കുന്ന ഒന്നാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ഒഴുകുന്ന ലഹരിമരുന്നിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി തകർക്കുക എന്ന ലക്ഷ്യത്തോടെ ആണ് യോഗം സംഘടിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലേക്ക് എത്തുന്ന രാസലഹരികളുടെയും ഹെറോയിന്റെയും സപ്ലൈ ചെയിൻ നിലനില്‍ക്കുന്നത് അയല്‍സംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളിലും അതിർത്തി ഗ്രാമങ്ങളിലുമാണ്. ഈ യാഥാർത്ഥ്യം ഉള്‍ക്കൊണ്ട് താഴേത്തട്ടിലുള്ള പൊലീസ് നടപടികള്‍ക്കൊപ്പം മാക്രോ ലെവലിലുള്ള അന്തർസംസ്ഥാന സുരക്ഷാ ഏകോപനത്തിനും ആഭ്യന്തര വകുപ്പ് മുൻഗണന നല്കുന്നു. ലഹരി സിൻഡിക്കേറ്റുകളുടെ വേരറുക്കാൻ പ്രാദേശിക പ്രതിരോധത്തിനൊപ്പം അയല്‍സംസ്ഥാനങ്ങളുമായി ചേർന്നുള്ള സംയുക്ത പ്രതിരോധ ശൃംഖല എന്ന ഘട്ടത്തിലേക്ക് ഓപ്പറേഷൻ തൂഫാൻ കടക്കുകയാണെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
അതിർത്തി ചെക്ക്പോസ്റ്റുകളിലെ പരിശോധനകളില്‍ ഒതുങ്ങാതെ അന്തർസംസ്ഥാന ട്രെയിനുകള്‍, ദീർഘദൂര ബസുകള്‍, സ്വകാര്യ കൊറിയർ ശൃംഖലകള്‍ എന്നിവ വഴിയുള്ള ലഹരി കൈമാറ്റങ്ങളെയും ഈ സംയുക്ത നീക്കം നിരീക്ഷിക്കും. സ്മാർട്ട് പെട്രോളിങ്ങും സൈബർ നിരീക്ഷണവും സംയുക്തമായി നടപ്പിലാക്കാനുള്ള ആലോചനകളും നാളത്തെ യോഗത്തില്‍ ചർച്ചയാകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

