KSDLIVENEWS

Real news for everyone

കാസർകോട് തെക്കിലിൽ ടാറ്റ ട്രസ്റ്റ് ക്രിട്ടിക്കൽ കെയർ ആസ്പത്രി നിർമാണം മാർച്ചിൽ പൂർത്തിയാകും

SHARE THIS ON

പൊയിനാച്ചി: തെക്കിലിൽ ടാറ്റ ട്രസ്റ്റ് കോവിഡ് ആസ്പത്രിയുടെ സ്ഥാനത്ത് 50 കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ ആസ്പത്രി നിർമാണം അടുത്ത മാർച്ചിൽ പൂർത്തിയാകുമെന്ന് കെ.നീലകണ്ഠൻ എം.എൽ.എ. അറിയിച്ചു. ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെയും ഐ.പി., ഒ.പി. ബ്ലോക്കിന്റെയും നിർമാണപുരോഗതി വിലയിരുത്താൻ ഉദ്യോഗസ്ഥരോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം.

ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സയൻസിന് കീഴിൽ വരുന്ന കേരളത്തിലെ ആദ്യ ക്രിട്ടിക്കൽ കെയർ യൂണിറ്റായിരിക്കും ഇത്. ജില്ലാ ആസ്പത്രിയുടെ അനുബന്ധ സ്ഥാപനമായി പ്രവർത്തിക്കുന്ന ആസ്പത്രിയുടെ മേൽനോട്ടച്ചുമതല ജില്ലാപഞ്ചായത്തിനായിരിക്കും. കോവിഡ് കാലത്ത് സാമൂഹികാപ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് ടാറ്റാ ട്രസ്റ്റ് നിർമിച്ചുനൽകിയ താത്കാലിക ആസ്പത്രിയിലെ നിർമിതികൾ നീക്കിയാണ് കെട്ടിടം നിർമിച്ചത്.

പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ (പി.എം.എ.ബി.) പദ്ധതിയിൽ അനുവദിച്ച 23.50 കോടി രൂപ ചെലവഴിച്ചാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സി.സി.യു.) പണിയുന്നത്. 2024-25-ലെ ദേശീയ ആരോഗ്യദൗത്യം ഫണ്ടിൽനിന്ന് ലഭിച്ച 4.05 കോടി രൂപ ചെലവഴിച്ചാണ് അനുബന്ധമായി ഐ.പി., ഒ.പി. ബ്ലോക്ക് കെട്ടിടം ഒരുക്കുന്നത്. ക്രിട്ടിക്കൽ കെയർ യൂണിറ്റ് ശ്രീകുമാറും ഒ.പി., ഐ.പി. ബ്ലോക്കുകൾ തിരുവനന്തപുരത്തെ ബാങ്കേഴ്സ് കൺസ്ട്രക്ഷനുമാണ് പണിയുന്നത്. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് (എച്ച്.എൽ.എൽ.) ആണ് പദ്ധതിയുടെ കൺസൾട്ടൻസി.

45,000 ചതുരശ്രയടി വിസ്തീർണത്തിൽ മൂന്നുനിലകളിലാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റ്. എമർജൻസി കെയർ, ഐസോലേഷൻ വാർഡ്, ഐ.സി.യു., ഓപ്പറേഷൻ തീയേറ്റേഴ്സ്, ലേബർ റൂം, ഹെൽത്ത് ഡിപ്പന്റൻസി യൂണിറ്റ് (എച്ച്.ഡി.യു.), ഡയാലിസിസ് യൂണിറ്റ്, ന്യൂ ബോൺ യൂണിറ്റ്, സ്കാനിങ്, വെന്റിലേറ്റർ, ഓക്സിജൻ സൗകര്യത്തോടെയുള്ള ബെഡുകൾ, സെൻട്രലൈസ്ഡ്‌ സ്റ്റേറെയിൽ സപ്ലൈ ഡിപ്പാർട്ട്മെന്റ്, വാർഡുകൾ എന്നിവ പുതിയ ആസ്പത്രിയിൽ ഉണ്ടാകും. കെട്ടിടത്തിന്റെ മൂന്നു നിലകളുടെ പ്ലാറ്റ്ഫോം കോൺക്രീറ്റ് പൂർത്തിയായി. താഴെ ഭാഗത്തുനിന്ന്‌ ചുമരുകൾ കെട്ടിത്തുടങ്ങിയിട്ടുണ്ട്.

ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ, വൈസ് പ്രസിഡന്റ് ഡി.ദിലീപ്കുമാർ, ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. അനുശ്രീ തുടങ്ങിയർ എം.എൽ.എ.ക്കൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!