ജനങ്ങളുടെ തീരുമാനം ദൈവത്തിന്റേത്, ഫലം അംഗീകരിക്കുന്നു’, ആപ്പിന് ആശംസകളെന്ന് സിദ്ദു

ദില്ലി: പഞ്ചാബില്‍ (Punjab) കോണ്‍ഗ്രസിന്റെ (Congress) ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് പിസിസി അധ്യക്ഷന്‍ നവ്ജോത് സിംഗ് സിദ്ദു (Navjot Singh Siddu). തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്ന് സിദ്ദു പറഞ്ഞു. ജനങ്ങളുടെ തീരുമാനം ദൈവത്തിന്റെ തീരുമാനമാണ്. പഞ്ചാബിലെ ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു, ആം ആദ്മിക്ക് ആശംസകളെന്നും സിദ്ദു ട്വീറ്റ് ചെയ്തു.
പഞ്ചാബിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റലില്‍ മിനുട്ടുകള്‍ക്ക് മുന്‍പാണ് രാഹുലിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. രാഹുലിന്റെ പ്രസംഗത്തിന്റെ ഒരു ഭാഗമാണ് ട്വീറ്റില്‍ ഉള്ളത്, ട്വീറ്റില്‍ പറയുന്നു. “ഭയം ഒരു തിരഞ്ഞെടുപ്പാണ്. നമ്മള് എന്തിനെയോ ഭയപ്പെടുമ്ബോള്‍, നമ്മള് അതിനെ ഭയപ്പെടാന്‍ തീരുമാനിക്കുന്നു. പേടിക്കേണ്ടി വരുമെന്ന് ബോധപൂര്‍വം തീരുമാനിക്കുന്നു. എന്നാല്‍ മറ്റൊരു തീരുമാനമുണ്ട്: നിങ്ങള്‍ക്ക് തിരിഞ്ഞുനോക്കാം, എനിക്ക് ഭയമില്ലെന്ന് പറയാം. നിങ്ങള്‍ എന്ത് ചെയ്താലും എനിക്ക് പേടിയില്ല’ – രാഹുലിന്റെ ഈ വാക്കുകളാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
പഞ്ചാബില്‍ കോണ്‍ഗ്രസിന് തോല്‍വി, ഛന്നിക്കും രക്ഷിക്കാനായില്ല, ഇനി സിദ്ദുവിന്റെ ഭാവി ?
ദില്ലി: ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് പഞ്ചാബില്‍ (Punjab) ഭരണപക്ഷമായ കോണ്‍ഗ്രസ് (Congress) ഏറ്റുവാങ്ങുന്നത്. ബിജെപിക്കും മുകളില്‍ കുറഞ്ഞ വര്‍ഷങ്ങളുടെ മാത്രം രാഷ്ട്രീയ പാരമ്ബര്യമുള്ള ആംആദ്മി പാര്‍ട്ടി ജയിച്ച് കയറുകയും കോണ്‍ഗ്രസ് ഏറ്റവും പിന്നിലേക്ക് തഴയപ്പെടുകയും ചെയ്യുമ്ബോള്‍ എല്ലാവശങ്ങളില്‍ നിന്നും വിരല്‍ ചൂണ്ടുന്നത് ഒറ്റ വ്യക്തിയിലേക്കാണ്. അത് പഞ്ചാബിന്റെ അടിവേരിളക്കിയെന്ന് അണികളും നേതാക്കളും രഹസ്യമായും പരസ്യമായും മുറുമുറുക്കുന്ന നവ്ജോത് സിംഗ് സിദ്ദുവിലേക്ക് (Navjot Singh Sidhu) തന്നെയാണ്.
സിദ്ദുവിനെ അധ്യക്ഷനാക്കിയതില്‍ പാര്‍ട്ടി ഖേദിക്കുമെന്ന് പറഞ്ഞാണ് അമരീന്ദര്‍ സിംഗ് പടിയിറങ്ങിയത്. അമരീന്ദര്‍ സിംഗിന്റെ വാക്കുകള്‍ വെറുതെയായില്ലെന്ന് വേണം വിലയിരുത്താന്‍. ദേശീയ നേതൃത്വവുമായി അടുപ്പം പുലര്‍ത്തിയിരുന്ന അമരീന്ദര്‍ സിംഗിനെ ഒരു സുപ്രഭാതത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നില്‍ സിദ്ദുവിന്റെ കസേര മോഹമായിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി പദം സിദ്ദുവിന് നല്കാന് നേതൃത്വം തയ്യാറായില്ല. പകരം സംസ്ഥാന നേതൃത്വം സിദ്ദുവിനെ ഏല്‍പ്പിച്ചു. ക്യാപ്റ്റനെ വെട്ടി സിദ്ദുവിനെ അവരോദിച്ചതോടെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി. നവ്ജോത് സിങ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കുന്നതിനെതിരെ സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാര്‍ക്കിടയില്‍ തന്നെ എതിര്‍പ്പുകളുണ്ടായിരുന്നു. സംഘടനയില്‍ പിടിപാടില്ലെന്നായിരുന്നു സിദ്ദുവിനെതിരെ ഉയന്ന പ്രധാന ആരോപണം. അകാലിദളിനും ബിജെപിക്കും പഞ്ചാബില്‍ ഇടംകൊടുക്കാതെ വന്മതിലായി നിന്ന അമരീന്ദര്‍ ഇതോടെ പാര്‍ട്ടി വിടുകയും പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയില്‍ ചേരുകയും ചെയ്തതും കോണ്‍ഗ്രസിന് തിരിച്ചടിയായി.
അപ്പോഴും തുടര്‍ന്ന മുഖ്യമന്ത്രി പദത്തോടുള്ള സിദ്ദുവിന്റെ മോഹം വെട്ടിയ കോണ്‍ഗ്രസ് പഞ്ചാബിന്റെ ആദ്യ ദളിത് മുഖ്യമന്ത്രിയായി ചരണ്‍ജിത്ത് സിങ് ഛന്നിയെ തെരഞ്ഞെടുത്തതോടെ സിദ്ദുവും ഛന്നിയും തമ്മിലുള്ള അസ്വാരസ്യങ്ങളും തുടങ്ങി. തുറന്ന പോരിലേക്ക് ഇരുവരും നീങ്ങുന്നതിനിടെയാണ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് അവരുടെ താളത്തിനൊത്ത് തുള്ളുന്ന ദുര്‍ബല മുഖ്യമന്ത്രിയെയാണ് വേണ്ടതെന്ന് ഛന്നിയെ കുറിച്ച് തുറന്നടിച്ച പിസിസി പ്രസിഡന്റിന് പക്ഷേ എതിര്‍പ്പുകളെയെല്ലാം മാറ്റി നിര്‍ത്തി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കേണ്ടിയും വന്നു.
മത്സരിച്ച അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തിലും സിദ്ദു പരാജയം രുചിച്ച് കഴിച്ചു. കോണ്‍ഗ്രസ് നാളിതുവരെയുള്ളതില്‍ ഏറ്റവും വലിയ തോല്‍വി വാങ്ങി തല കുനിച്ച് നില്‍ക്കുമ്ബോള്‍ പിസിസി അധ്യക്ഷനായ സിദ്ദു ഈ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ഇതോടെ ബിജെപിയില്‍ നിന്ന് കോണ്ഗ്രസിനലെത്തിയ സിദ്ദുവിന്റെ രാഷ്ട്രീയ ഭാവിയും ചോദ്യഛിഹ്നമാകും.

