ഹാസ്യതാരത്തില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക്, പഞ്ചാബിനെ നയിക്കാന്‍ ഭഗവന്ത് മന്

ദില്ലി: ആംആദ്മി പാര്‍ട്ടിയുടെ (AAm aadmi party) ചരിത്ര മുന്നേറ്റത്തില്‍ പഞ്ചാബില്‍ (Punjab) സൂപ്പര്‍മാനായി ഭഗവന്ത് മന്(Bhagwant Mann ). ജനങ്ങളുടെ അഭിപ്രായം തേടിയുള്ള ആംആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപനത്തിലൂടെയാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഭഗവന്ത് മാന്‍ എത്തുന്നത്. ഹാസ്യതാരത്തില്‍ തുടങ്ങിയ അദ്ദേഹം ഇനി പഞ്ചാബിനെ നയിക്കും. പഞ്ചാബിന്റെ മണ്ണില്‍ തെരഞ്ഞെടുപ്പിനെ നയിക്കാന്‍ ഭഗവന്ത് മന് എന്ന പേര് അരവിന്ദ് കെജരിവാള്‍ നിര്‍ദേശിച്ചത് അപ്രതീക്ഷിതമായായിരുന്നു. ഞെട്ടിക്കുന്ന സര്‍പ്രൈസില്‍ അന്ന് കണ്ണുനീരണിഞ്ഞ ഭഗവന്ത് മാന്‍ ഇന്ന് പാര്‍ട്ടിയുടെ വന്‍ വിജയത്തില്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുകയാണ്.
സാധാരണക്കാരുടെ അഭിപ്രായം തേടിയ ശേഷം നേതാവിനെ പ്രഖ്യാപിച്ച് പഞ്ചാബിന്റെയാകെ ജനവിധി പോക്കറ്റിലാക്കിയ ആപ്പ് രാഷ്ട്രീയം ലോക്സഭാ സെമിഫൈനലിന് മുന്നോടിയായുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. അന്നത്തെ ജനകീയാഭിപ്രായത്തില്‍ 90 ശതമാനമായിരുന്നു ഭഗവന്ത് മാന്റെ ജനകീയത. നിലപാടിലുറച്ചാല്‍ പിന്നെ മാറാത്ത പഞ്ചാബ് ജനത അതുക്കും മേലെ നല്‍കിയാണ് ഇപ്പോള്‍ ഭഗവന്തിനെ മുഖ്യമന്ത്രി കസേരയിലേക്ക് ആനയിക്കുന്നത്. ലോക്സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ബിജെപി അംഗങ്ങളെ കാഴ്ച്ചക്കാരാക്കി ഇരുത്തി, സ്മാഷുകള്‍ പായിക്കുന്ന വോളിബോള്‍ താരം കൂടിയായ ഭഗവന്ത് മാന്റെ പ്രസംഗങ്ങള്‍ വൈറലാണ്.
പഞ്ചാബില്‍ ആറാടി ആംആദ്മി, ദില്ലിക്ക് പുറത്ത് ഭരണത്തിലേക്ക് ആദ്യം, ചരിത്രവിജയം
2014 ലും 2019 ലും തുടര്‍ച്ചയായി പഞ്ചാബിലെ സംഗരൂര് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് ജയിച്ചുകയറിയ അദ്ദേഹം . ഹാസ്യം, പൊള്ളുന്ന രാഷ്ട്രീയ വിഷയങ്ങളുന്നയിക്കാന്‍ ആയുധമാക്കി. പ്രശസ്ത ടിവി താരം കൂടിയായ ഭഗവന്ത് മാന്റെ ജനകീയതയുടെ കാരണമറിയാന്‍ നര്‍മ്മമൊളിപ്പിച്ച പ്രസംഗങ്ങള്‍ തന്നെ ധാരാളമാണ്. അന്ന് ഹാസ്യ വേദിയില്‍ ജഡ്ജായിരുന്ന നവജോത്സിങ് സിദ്ധുവിനെ മുന്നിലിരുത്തി സദസ്സിനെ കയ്യിലെടുത്ത ഭഗവന്ത് മാന്‍, ഇന്ന് പഞ്ചാബിനെയാകെ തൂത്തുവാരുമ്ബോള്‍ സിദ്ധുവടക്കം പരമ്ബരാഗത രാഷ്ട്രീയക്കാരുടെ അടുത്ത നീക്കം എന്താകുമെന്നതാണ് ശ്രദ്ധേയം.

